Even the life that you have is borrowed, Coz you r not promised tomorrow..

Friday, March 28, 2008

ഒരു പെണ്ണു കാണല്‍

അങ്ങനെ കാത്തിരുന്ന ഈസ്റ്റര്‍ വന്നെത്തി. ദുഃഖവെള്ളിയാഴ്‌ച്ച പള്ളിയില്‍ പോയി ക്രിസ്ത്തുവിനെ അടക്കിയതാണു, പക്ഷെ ഉയര്‍പ്പിക്കാന്‍ പോയില്ല.. വെളുപ്പിനെ 2:30 ക്കു പള്ളിയില്‍ പോകണമെന്നുണ്ടായിരുന്നെങ്കിലും 2:30നു ഞാന്‍ എഴുന്നേറ്റപ്പോള്‍ ക്ലോക്കില്‍ 9:30 ആയിരുന്നു.. യാത്രാക്ഷീണമെന്നു കരുതി വീട്ടുകാരും വിളിച്ചില്ല..

അങ്ങനെ പാതി ഉറക്കത്തില്‍ താഴേക്കു ഇറങ്ങി ചെന്നപ്പോള്‍ അവിടെ യാത്രക്കുള്ള തയാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞു. യാത്രയെന്നു പറഞ്ഞാല്‍ ഒരു ചെറിയ യാത്ര - ഇരിട്ടി വരെ , വേറൊന്നിനുമല്ല.. ഒരു പെണ്ണു കാണല്‍ ചടങ്ങ്‌.. പിന്നെ താമസിച്ചില്ല, വേഗം കുളിച്ചൊരുങ്ങി, രണ്ടു മൂന്നു ഷര്‍ട്ടും പാന്‍റുമൊക്കെ എടുത്തു പെട്ടിയില്‍ വെച്ചു. അപ്പോളെക്കും അങ്കിളും, ആന്‍റീമൊക്കെ എത്തിയിരുന്നു. പിന്നെ അധികം താമസിചില്ല.. കുട്ടനാട്ടിലെ പാടങ്ങള്‍ക്കു നടുവിലൂടെ, നേരെ മലബാറിലേക്കു ഒരു ക്വാളിസ് കുതിച്ചു പാഞ്ഞു. ഇടക്കെപ്പോളൊ കോഴിക്കോട്ടു കഴിക്കാന്‍ നിര്‍ത്തിയതു ഓര്‍മയുണ്ടു, പിന്നെ ബോധം വന്നപ്പോള്‍ തലശ്ശേരി എത്തിയിരുന്നു.ഏകദേശം 400 കി.മി അപ്പൊ തന്നെ കഴിഞിരുന്നു. ഇനിയും കുറെ ദൂരം പോകെണമത്രെ.. തലശ്ശേരി തൊട്ട്‌ ഓരോ കി.മി. കഴിയുംബോളും ഒരു പോലീസ്‌ ജീപ്പെങ്കിലും കാണാന്‍ കഴിഞ്ഞിരുന്നു. കണ്ണൂര്‍ തലശ്ശേരി എന്നൊക്കെ കേള്‍ക്കുംബോളെ വടിവാളും, ബോംബുമൊക്കെ ആണു ഓര്‍മ്മ വരുന്നതു.ചെറിയ ഒരു പേടി തോന്നാതിരുന്നില്ല.

സമയം രാത്രി 11:30 കഴിഞു. വഴി ചോദിക്കാന്‍ റോഡിലാരെയും കാണുന്നുമില്ല.. അവസാനം ഒരു തട്ടു കട കണ്ടു. അവിടെ ഇറങ്ങി ഒരു കട്ടന്‍ ചായയും കുടിച്ച് ചേട്ടനോടു ഇരിട്ടിക്കുള്ള വഴി ചോദിച്ചു - ആദ്യം തന്നെ അടിമുടി ഒരു നോട്ടം.. പിന്നെ കുറെ ചോദ്യങ്ങളും - എവിടുന്നാ? എന്തിനാ ഇരിട്ടിയിലേക്കു പോകുന്നെ? ആരെ കാണാനാ? ഇത്തിരി ഉറക്കെ ചോദിച്ചതിനാല്‍ അവിടെ ഉണ്ടായിരുന്നവരെല്ലാം ഞങ്ങളെ സൂക്ഷിച്ചു നോക്കി "ചേട്ട അവഴി പറഞ്ഞില്ലെങ്കിലും സാരമില്ല.. വെട്ടരുതു.. ഞങ്ങള്‍ തിരിച്ചു പൊയികോളാം" എന്നു പറയണമെന്നുണ്ടായിരുന്നു... പക്ഷെ പറഞില്ല.. ഉള്ള സത്യമൊക്കെ പറഞ്ഞപ്പോള്‍ ചേട്ടന്‍ വഴി ഒക്കെ പറഞ്ഞു.. അവസാനം മുറി ബുക്ക്‌ ചെയ്ത ഹോട്ടലിലെത്തിയപ്പോള്‍ 1:00 മണി ആകാറായി. പിന്നെ കിടന്നു സമാധാനമായി ഉറങ്ങി..
രാവിലെ എഴുന്നേറ്റ ഉടനെ, മൂന്നു ഷര്‍ട്ടില്‍ ഏതു ഇടും എന്നതിനെ പറ്റി ഒരു വന്‍ ചര്‍ച്ച നടത്തേണ്ടി വന്നു. കറുത്തതിട്ടാല്‍ ശരിയാവില്ലെന്ന ആന്‍റിയുടെ അഭിപ്രായവും, വെള്ള ഇട്ടാല്‍ ഇന്‍റര്‍വ്യുവിനു പോകുന്നതുപോലെ ഇരിക്കുമെന്ന അങ്കിളിന്‍റെ അഭിപ്രായവും മാനിച്ചു ഞാന്‍ നീല ഷര്‍ട്ടിടാന്‍ തീരുമാനിച്ചു. പാന്‍റിന്‍റെ കാര്യത്തില്‍ വലിയ പ്രശ്‌നമില്ലയിരുന്നു - കാരണം ഒരെണ്ണമെ എടുത്തിട്ടുണ്ടായിരുന്നുള്ളു!

അങ്ങനെ കുളിച്ചു മുടി ഒക്കെ ഒതുക്കി ചീകി, പെര്‍ഫ്യുമൊക്കെ അടിച്ചു പെണ്ണിന്‍റെ വീട്ടിലേക്കു യാത്ര ആരംഭിച്ചു. പോകുന്ന വഴിക്കു ഒരു ബോര്‍ഡ് കണ്ടു - "ആറളം ഫാം - 4 K.M". എവിടെയോ കേട്ടിട്ടുണ്ട്‌ ,ആരുടെയോ ബ്ലോഗിലാണ്.. ആരുടെയാണെന്നു ഒരു പിടിയും കിട്ടുന്നില്ല. കുറെ ആലോചിച്ചു, അവസാനം അലോചിച്ചാലോചിച്ചു വീടെത്തി.

വീട്ടിലെത്തിയപ്പോള്‍ തന്നെ അതുവരെ ഉണ്ടായിരുന്ന ആവേശമൊക്കെ പോയി. കുറെ കണ്ണുകള്‍ ഇങ്ങോട്ടു തന്നെ സൂക്ഷിച്ചു നോക്കുന്നു.. എന്തൊ അദ്‌ഭുതം കണ്ടതു പോലെ പരസ്‌പരം എന്തൊക്കെയൊ പറയുന്നു.. ഞാന്‍ ആകെ ഒരു ചമ്മിയ മുഖവുമായി പതിയെ ബാക്കി ഉള്ളവരുടെ പിന്നാലെ നടന്നു..
പിന്നീടു സാധാരണ കാണാറുള്ളതു പോലെ എല്ലാവരും ഇരുന്നു വിശേഷങ്ങള്‍ പറയുന്നു..
പക്ഷെ എത്ര കഴിഞ്ഞിട്ടും നമ്രശിരസ്‌കയായി(ഇതിന്‍റെ അര്‍ത്ഥമെന്താണൊ എന്തൊ!), കാലുകൊണ്ടു കളമൊക്കെ വരച്ചു ചായയുമായി നില്‍ക്കുന്ന പെണ്ണിനെ മാത്രം കണ്ടില്ല!

ഞാന്‍ തിരയുന്നതു കണ്ടിട്ടാവണം പെണ്ണിന്‍റെ അമ്മ വന്നു എല്ലാവരെയും കാപ്പി കുടിക്കാന്‍ അകത്തേക്കു ക്ഷണിച്ചു. അങ്ങനെ കാപ്പിയും കുടിച്ചു, പെണ്ണിനെയും കണ്ടു. "ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കെണമെങ്കില്‍..." എന്നൊന്നും ആരും പറഞ്ഞില്ല.. മുകളിലത്തെ മുറികളൊക്കെ കാണിക്കാമെന്നു പറഞ്ഞു അവളാണു വിളിച്ചതു.. മുറി ഒക്കെ കണ്ടു കഴിഞ്ഞു.. ഇനി എന്തെങ്കിലും ചോദിക്കെണമല്ലൊ എന്നു കരുതി ഞാന്‍ വളരെ ഭവ്യതയോടുകൂടി , സീരിയസ്സായി ചോദിച്ചു.. "മുറ്റത്തു കിടക്കുന്ന പുതിയ കാര്‍ എനിക്കായിരിക്കും അല്ലെ? "
"അതേടാ , ഇപ്പൊ തരാമെടാ" എന്നു മറുപടി കിട്ടി!"ഏകദേശം 6 വര്‍ഷം പ്രണയിച്ച ശേഷം പെണ്ണു കാണാന്‍ എന്നു പറഞ്ഞു ചെന്നിട്ടു കാറു എനിക്കല്ലിയോ എന്നു ചോദിക്കുംബോള്‍ അവളിതു പറഞ്ഞില്ലെങ്കിലെ അദ്‌ഭുതമുള്ളു".

Thursday, March 13, 2008

ചുറ്റും നോക്കിയപ്പോള്‍...


മുംബൈയിലെ പ്രശസ്തമായ ഒരു ഷോപ്പിങ്‌ കോംപ്ലക്സിന്‍റെ മുന്‍പില്‍ വെച്ചെടുത്തതാണീ ചിത്രം. മറ്റു പണി ഒന്നുമില്ലാതിരുന്ന ഒരു ദിവസം സമയം കളയാനായി അവിടെ പൊയതാണു.അതു 10:30 ക്കെ തുറക്കുകയുള്ളു. അതുവരെ പുറത്തു ഇരുന്നു വിശ്രമിക്കാമെന്നു കരുതിയപ്പോളാനു ഈ കാഴ്‌ച്ച കണ്ടതു. സാധാരണ ഇതുപോലെ പല കാഴ്‌ചകളും കാണറുള്ളതാണെങ്കിലും എന്തൊ, ഇത്തവണ ഉള്ളിലെവിടെയൊ അതു ഒന്നു തട്ടി. സഹതാപമാണൊ കുറ്റബോധമാണൊ അപ്പൊ തോന്നിയതെന്നറിഞുകൂട..ഭാരതത്തിന്‍റെ ഭാവി ആണു മുന്നില്‍ കാണുന്നതെന്നു സങ്കല്‍പിക്കാന്‍ പ്രയാസം തോന്നി.അറിഞുകൊണ്ടല്ലെങ്കിലും ഈ കുട്ടിയുടെ അവസ്ഥക്കു ഞാനും കാരണക്കാരനല്ലെ എന്നൊരു തോന്നല്. അതാണു ചിത്രമെടുത്തത്‌.ബോണസു കിട്ടിയതു കുറഞ്ഞു പോയെന്നും, സര്‍ക്കാരു റ്റാക്സ്‌ പിടിച്ചെന്നും പറഞ്ഞു നമ്മള്‍ തല തല്ലി കരയുകയാണല്ലൊ പതിവു.പക്ഷെ ഈ കുട്ടി എന്തിനൊക്കെ കരയണം?


അവന്‍റെ കുരുന്നു മനസ്സിലുള്ള ചോദ്യങ്ങള്‍ എനിക്കു സങ്കല്‍പ്പിക്കാന്‍ കൂടി കഴിയുന്നുണ്ടായിരുന്നില്ല.എനിക്കെങ്ങനെ സഹായിക്കന്‍ പറ്റും എന്നു ഞാന്‍ ആലോചിച്ചു തുടങ്ങിയപ്പോളെക്കും അവന്‍ രണ്ടു തൊട്ടി നിറയെ വെള്ളവുമായി എന്‍റെ കണ്‍മുന്നില്‍ നിന്നും മഹാനഗരത്തിന്‍റെ തിരക്കുകളിലേക്കു ഊളിയിട്ടിരുന്നു.


ഈ സംഭവം കുറച്ചു നാളു മനസ്സില്‍ അങ്ങനെ കിടക്കും. പിന്നെ ഞാനും ജീവിതത്തിന്‍റെ തിരക്കുകളിലേക്കുമടങ്ങി പോകും അല്ലെങ്കില്‍ സൌകര്യപൂര്‍വ്വം ഇതു മറക്കും. അങ്ങനെ ആവരുത് എന്നു എനിക്കു തോന്നി. അതുകൊണ്ട് ഗൂഗിളില്‍ ‍തപ്പിയും, പലരോടു ചോദിച്ചും world vision എന്ന സംഘടനയെ പറ്റി അറിഞ്ഞു. ഞാനും റെജിസ്റ്റര്‍ ചെയ്തു.ആവുന്ന സഹായം ഒരു കുട്ടിക്കു ചെയ്യാമെന്നു തീരുമാനിച്ചു. ഡ്രസ്സു വാങ്ങിയും മറ്റും കാശു കളയുന്നതിനെക്കാള്‍ നല്ലതു ഒരു കുട്ടിയെ പഠിക്കാന്‍ സഹായിക്കുന്നതാണെന്നു തോന്നി. ചെയ്തു കഴിഞ്ഞപ്പോള്‍ ഒരു ചെറിയ ആശ്വാസം തോന്നി.

ഇതു വായിച്ചു ഒരാള്‍ക്കെങ്കിലും സഹായിക്കാന്‍ തോന്നിയാലൊ എന്നു കരുതി പോസ്റ്റുന്നു.മറ്റു ദുരുദ്ദേശങ്ങളൊന്നുമില്ല.

Friday, March 7, 2008

തൊഴിക്കരുത്, തൊഴിക്കരുത്...

നല്ല മടലു കണ്ടാല്‍ വെട്ടി ബാറ്റ് ആക്കുന്നതിനെ പറ്റിയും, നല്ല കപ്പതണ്ടു കണ്ടാല്‍ വെട്ടി സ്റ്റംപാക്കുന്നതിനെ പറ്റിയും ചിന്തിച്ചു നടന്നിരുന്ന കാലം. ശനിയാഴ്‌ച്ചകളിലും മറ്റു സ്കൂള്‍ അവധി ദിവസങ്ങളിലും അച്ഛനും അമ്മയും ജോലിക്കു പോയി കഴിഞ്ഞാല്‍ പിന്നെ അര്‍മ്മാദമാണു.. ഒരു മാതിരി അധികാരം കയ്യില്‍ കിട്ടിയ പ്രതിപക്ഷത്തെ പോലെ!.. രാവിലെ ഇറങ്ങും ബാറ്റും ബോളുമെടുത്ത്..പിന്നെ എങ്ങനെ നാട്ടുകാരുടെ കയ്യില്‍ നിന്നും തെറി വാങ്ങാം എന്ന വിഷയത്തില്‍ ഗവേഷണം ആണു. ഗവേഷണത്തിന്‍റെ ഫലമറിയുന്നതു വൈകിട്ടാണു.. ഒരു 6 മണി കഴിയുമ്ബോള്‍ അച്ഛനും അമ്മയും ജോലി കഴിഞ്ഞു തിരിച്ചെത്തും.. ഉടന്‍ തന്നെ ഗവേഷണത്തിന്‍റെ ഫലം അറിയിക്കാന്‍ നാട്ടുകരോരൊരുത്തരായി വന്നു തുടങ്ങും.

അങ്ങനെ സമ്ഭവബഹുലമായ ഒരു ദിവസം കഴിഞു. അച്ഛനും അമ്മയും വന്നു.മോനെ മരിയാദക്കു വളര്ത്തണം, അവന്‍ ഞങ്ങളുടെ കപ്പ ഒടിച്ചു.. മാങ്ങാ പറിച്ചു, ജനല്‍ അടിച്ചു തകര്‍ത്തു തുടങ്ങിയ സ്ഥിരം പരാതികളല്ലാതെ വേറെ ഒന്നും കാണരുതെ എന്നു പ്രാര്‍ഥിച്ചു കൊണ്ടു ഞാന്‍ അവിടെ നില്‍ക്കുന്നു. സ്ഥിരം പരാതിക്കാരായ അയലത്തെ കൊച്ചേട്ടനും, ഇപ്പുറത്തെ വീട്ടിലെ ആന്‍റിയും എല്ലാരുമുണ്ട്. പെട്ടന്നു കയ്യിലെടുത്തു അടിക്കാന്‍ പറ്റിയ സാധനങ്ങളായ ബാറ്റ്,സ്റ്റംപ്,ചൂല്‍,കംബി പാര, തുടങ്ങിയവ ഞാന്‍ നേരത്തെ ആ പരിസരത്തു നിന്നും എടുത്തു മാറ്റിയതിനാല്‍ ഇന്നു വലിയ കുഴപ്പമുണ്ടാകന്‍ ചാന്‍സില്ല എന്നു ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു. പോരാത്തതിനു ഇന്നു പ്രത്യേകിച്ചു കുഴപ്പമൊന്നും കാണിച്ചിട്ടുമില്ല.. കൊച്ചേട്ടന്‍റെ മൂന്നു നാലു കപ്പ തൈ ചവിട്ടി ഒടിച്ചു, അപ്പുറത്തെ വീട്ടിലെ മാവേല്‍ കല്ലെറിഞ്ഞു.. ആ കല്ലു ചെന്നു ഓടിന്‍റെ മേല്‍ വീണു ഒന്നു രണ്ടെണ്ണം പൊട്ടി. പിന്നെ അല്ലറ ചില്ലറ പ്രശ്നങ്ങള്‍(തെറി വിളി, അടിപിടി, തുടങ്ങിയവ).. അല്ലാതെ വേറെ ഒന്നും ഇന്നു ചെയ്തില്ലല്ലൊ.. പിന്നെ എന്തിനാ ഇവരെല്ലാരുംകൂടെ കെട്ടിയെടുത്തേക്കുന്നെ.. ഞാന്‍ ഇതൊക്കെ ആലോചിച്ചു അധികം വിഷമിക്കേണ്ടി വന്നില്ല.. പരുപാടി ആരംഭിക്കുകയായി...

ലാദനെ കണ്ട ബുഷിനെ പൊലെ കൊച്ചേട്ടന്‍ എന്‍റെ നേരെ വന്നു.. ഇവനുണ്ടല്ലൊ ഇവനുണ്ടല്ലൊ.. ഇവന്‍മാരെല്ലരുംകൂടെ ആ പാക്കരന്‍റെ കാലൊടിച്ചു.. പതിവുപോലെ ഒരു നോട്ടം അച്ഛന്‍റെ ഭാഗത്തു നിന്നും എന്‍റെ നേരെ വരുന്നതു ഞാന്‍ കണ്ടു. ഏയ് ഞാന്‍ പേടിച്ചൊന്നുമില്ല.. ഇപ്പൊ വിചാരണ നടക്കുന്ന പ്രശ്നത്തില്‍ സത്യമായും എനിക്കു പങ്കില്ല... കേറി പോടാ അകത്തു എന്നു അച്ഛന്‍ പറയുന്നതിനു മുന്പേ ഞാന്‍ അകത്തേക്കു വലിഞ്ഞു.. പരാതിക്കാരെ ഒക്കെ ഒരുവിധം പറഞ്ഞു വിട്ട ശേഷം അച്ഛന്‍ അകത്തേക്കു വന്നു. ഇനി ഉള്ളതു ശിക്ഷ നടപ്പാക്കലാണു. അപ്രെയ്സല്‍ ലെറ്റര്‍ വാങ്ങാന്‍ പ്രൊജക്റ്റ് മാനേജരുടെ മുന്നില്‍ നില്‍ക്കുന്ന ഒരു സോഫ്റ്റ്വെയര്‍ എഞ്ജിനിയറുടെ മുഖത്തുണ്ടാകുന്ന തരത്തിലുള്ള ഒരു ദയനീയ ഭാവമൊക്കെ മുഖത്തു വരുത്തി ഞാന്‍ റെഡിയായി. പക്ഷെ ഇന്നത്തെ വിഷയം കാലു തല്ലി ഒടിക്കലാണ്. അടി ഉറപ്പുള്ള കേസാണ്.ഞാന്‍ സത്യം പറയാന്‍ തീരുമാനിച്ചു..

ടെന്നീസ് ബോളില്‍ നിന്നും കോര്‍ക്ക് ബോളിലേക്കു ഞങ്ങളുടെ 'ലെവല്‍' ഉയരുകയും ഞങ്ങളുടെ പതിവു പ്രാക്റ്റീസു കൊര്‍ക്കു ബോളിലേക്കു മാറുകയും ചെയ്തു. ഞങ്ങള്‍ റോഡിന്‍റെ സൈഡില്‍ കളിച്ചു കൊണ്ടിരിക്കുന്നു. റോഡിലൂടെ പാക്കരന്‍ നടന്നു വരുന്നു. പാക്കരന്‍ അവിടുത്തെ ഒരു സാധാ വായിനോക്കി എന്നു പറയാം. പ്രത്യേകിച്ചു ജോലി ഒന്നുമില്ലാത്ത ഒരു ചെറുപ്പക്കാരന്‍. അത്യാവശ്യം പാടും, പിന്നെ ജാഡ കളിച്ചു നടക്കും. അങ്ങനെ പാട്ടും പാടി വരുന്ന വഴിക്കാണു ഞങ്ങളുടെ പുതിയ കോര്‍ക്ക് ബോള്‍ തന്‍റെ നേരെ ഉരുണ്ടു വരുന്നതു അയാള്‍ കാണുന്നതു. എടുത്തു തരെണമെന്നു ഞങ്ങള്‍ ആവശ്യപ്പെട്ടില്ലെങ്കിലും പുള്ളി തയറായി.. അതു ഞങ്ങളോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല.. കള്ളിമുണ്ടൊന്നു മുറുക്കി ഉടുത്ത്‌, ചപ്പലു രണ്ടും ഊരി മാറ്റി, ഒരു കാലു പിന്നോട്ടു വെച്ച്‌ മൂപ്പരു റെഡിയായി.. റബര്‍ പന്താണെന്നു കരുതി തൊഴിക്കനുള്ള പരുപാടിയാണു! പതുക്കെ ആണെങ്കിലും കാലിന്‍റെ കിണ്ണക്കിട്ടു കൊണ്ടാല്‍ നല്ല അരപ്പാണെന്നു അല്പ നേരം മുന്നെ മനസ്സിലായ റോബിന്‍ വിളിച്ചു പറഞ്ഞു.. "തൊഴിക്കരുത്‌, തൊഴിക്കരുത്‌..... "ആരു കേള്‍ക്കാന്‍? നോകിയാ N70 കയ്യിലുള്ളവന്‍ 3310 ഉള്ളവനെ നോക്കുന്നതു പോലെ ഒരു പുച്ഛ ഭാവമൊക്കെ മുഖത്തു വരുത്തി "ഒന്നു പോടാ" എന്നു പറഞ്ഞ്‌ ഒറ്റ തൊഴി! "എന്‍റമ്മോ" എന്നൊരു വിളി കേട്ടു.. ഞങ്ങള്‍ നോക്കിയപ്പോള്‍ കാല്‍പാദം കയ്യില്‍ പിടിച്ചു ഉണ്ടായിരുന്ന N70 വെള്ളത്തില്‍ വീണ മുഖ ഭാവവുമായി നില്‍ക്കുന്ന പാക്കരനെ ആണു. ഞങ്ങള്‍ മൂന്നു പേരും അങ്ങോട്ടേക്കോടി.. 24 രൂപ കൊടുത്തു മേടിച്ച പന്തു കളയാന്‍ പറ്റില്ലല്ലൊ! പിന്നെ ഇന്‍ഹരിഹര്‍ നഗറില്‍ ജഗദീഷൊക്കെ "തോമസുകുട്ടി വിട്ടോടാ" എന്നു പറഞ്ഞു അപ്രത്യക്ഷമാകുന്നമാതിരി ഞങ്ങളും സ്കൂട്ടായി.. ഈ സംഭവം കേട്ടപ്പൊള്‍ അച്ഛന്‍ ആദ്യം ഒന്നു ചിരിച്ചെങ്കിലും, ഓടു പൊട്ടിച്ച വകയിലും , തൈ ഒടിച്ച വകയിലും ഒരു കൊട്ട നിറയെ ഞാന്‍ അന്നു വാങ്ങി കൂട്ടി - എന്നത്തെയും പോലെ!

Saturday, March 1, 2008

അടി വരുന്ന വഴി..

എന്‍ട്രന്‍സൊക്കെ കഴിഞ്ഞ് റാങ്കിന്‍റെ വലിപ്പമനുസരിച്ചു എനിക്കും കിട്ടി ഒരു സീറ്റ്. സംഗതി സ്വാശ്രയമാ.. കാശു കൊടുക്കതെ കിട്ടിയതല്ലെ.. ഇരിക്കട്ടെ എന്നു വിചാരിച്ചു.. പുതിയ കോളെജാണു. ആദ്യത്തെ ബാച്ച്..
നല്ല ഒന്നാന്തരം സ്ഥലം. തെയിലത്തോട്ടത്തിനു നടുവില്‍ ഒരു കോളേജ്. നല്ല തണുപ്പ്.. ചെറിയ മഞ്ഞുമുണ്ട്.. ചുരുക്കം പറഞ്ഞാല്‍ പഠിത്തമൊഴിച്ചു ബാക്കി എന്തിനും പറ്റിയ സ്ഥലം.. കോളേജിന്‍റെ ചുറ്റുവട്ടത്തെങ്ങും ഒരു മാടക്കട പോലുമില്ല.. പിന്നെ വീടിന്‍റെ കാര്യം പറയണ്ടല്ലൊ..
അങ്ങനെ കോളേജു ജീവിതം ആരംഭിക്കുകയായി.. ഫസ്റ്റ് ബാച്ചല്ലെ .. റാഗിങ്ങില്ല.. ഹോസ്റ്റലില്‍ താമസം.. അതും 2-3 കി.മി ദൂരെ.. ക്യംപസിനകത്തൊരു ഹോസ്റ്റലുണ്ട്.. നാലു സൈഡും തകരഷീറ്റ് മാത്രമടിചത്തു..ഭാവിയില്‍ വലിയ എഞ്ജിനിയറാകണ്ട് മകന്‍ അതില്‍ താമസിക്കെണ്ട എന്നു സ്വന്തം അപ്പന്‍ തീരുമാനിച്ചതുകൊണ്ട് കുറച്ചു കൂടി നല്ല ഹോസ്റ്റലിലേക്കു വിട്ടു.
വലിയ പ്രതീക്ഷകളുമായി 'നല്ല' ഹോസ്റ്റലില്‍ എത്തിയെങ്കിലും രാവിലെ 8 മണിക്കു മുന്‍പു ബസ്സ് വരുമെന്നും നടന്നു പോകാനൊ മറ്റു വണ്ടികളില്‍ പോകാനൊ സൌകര്യമില്ലെന്നൊക്കെ കേട്ടപ്പോള്‍ തന്നെ കാര്യങ്ങളൊക്കെ എതാണ്ട് തീരുമാനമായി.. എന്നാലും ഈ കിടു കിടാ വിറക്കുന്ന തണുപ്പത്തു തകര ഷീറ്റിനെക്കാള്‍ നല്ലതു കാപ്പി തോട്ടത്തിന്‍റെ നടുക്കുള്ള സ്റ്റോറേജ് റൂമുകളാണെന്നു തോന്നി.
അങ്ങനെ ഊട്ടിയിലും കൊടൈക്കനാലിലും ഒക്കെ വെച്ചു മാത്രം അനുഭവിച്ചിട്ടുള്ള തണുപ്പ് കെരളത്തിലും ഉണ്ടെന്നു മനസ്സിലാക്കിത്തരുന്നതായിരുന്നു പിന്നീടുള്ള ഹോസ്റ്റല്‍ ജീവിതം. പഠിത്തവും കുളിയുമൊഴികെ ബാക്കി എല്ലാം ഒരു വിധം നടന്നു പോയി.

അങ്ങനെ ദിവസങ്ങള്‍ കടന്നു പോയിക്കൊണ്ടിരുന്നു.. സാഹചര്യങ്ങളുമായി ഞങ്ങളും പൊരുത്തപ്പെട്ടു തുടങ്ങി.. തൊട്ടടുതുള്ള ടൌണിലേക്കുള്ള കുറുക്കു വഴിയും, ക്രിക്കറ്റ് കളിക്കാനുള്ള സ്ഥലവുമൊക്കെ കണ്ടുപിടിച്ചു. അങ്ങനെ സ്വസ്തമായും സുഘമായും ജീവിച്ചു പോകുന്നതിനിടയില്‍ സീരീസ് എക്സാമെന്നും, അസ്സൈന്‍മെന്‍റെന്നുമൊക്കെ പറഞു ചില രസംകൊല്ലികളെ പരിചയപെടേണ്ടി വന്നു.. ഇവ രണ്ടും പിന്നീടുള്ള നാലു വര്‍ഷം എന്നെ വിടാതെ പിന്‍തുടരുമെന്നു ഞാന്‍ അന്നറിഞിരുന്നില്ല.

ഇതൊക്കെ ആണെങ്കിലും കോളെജില്‍ എത്തി, ഈ ചുരുങ്ങിയ കാലം കൊണ്ടു തന്നെ അവിടെ ഉള്ള ലോക്കല്‍ പയ്യന്‍മാരുമായി നല്ല ഒരു ബന്ധം സ്ഥാപിച്ചെടുക്കന്‍ ഞങ്ങള്‍ക്കു സാധിച്ചു. ഞങ്ങളെ ആരെയെങ്കിലും അവിടെ എവിടെയെങ്കിലും കണ്ടാല്‍ "കിടന്നു കറങ്ങാതെ വീട്ടില്‍ പോട", "ഇനിയും ഇവിടെ കണ്ടാല്‍ കാല്‍ തല്ലി ഒടിക്കും" തുടങ്ങി ഇവിടെ എഴുതാന്‍ പറ്റത്തതായ പലതും പറഞ്ഞു അവര്‍ ഞങ്ങളോടുള്ള സ്നേഹം പ്രകടിപ്പിച്ചിരുന്നു.അങ്ങനെ സ്നേഹമുള്ള ലോക്കല്‍സുള്ളതുകൊണ്ടു അധികമൊന്നും പുറത്തിറങ്ങാതെ തന്നെ ഞങ്ങള്‍ കഴിഞ്ഞു കൂടി. ഈ സമയത്താണു അവിടെ അടുത്തൊരംബലത്തില്‍ ഉത്സവം ഉണ്ടെന്നുള്ള വിവരമറിഞ്ഞതു.. ഒരു പുതിയ സിനിമ കാണെണമെങ്കില്‍ 20 കി.മി ദൂരെ ഉള്ള തീയറ്ററില്‍ പോകെണം. അങ്ങനെ ഉള്ള ഒരു സമയത്തു ഉത്സവമെങ്കില്‍ ഉത്സവം എന്നു പറഞ്ഞു എല്ലാംകൂടെ ചാടി അങ്ങു പുറപ്പെട്ടു.. സ്നേഹസമ്ബന്നരും സല്‍സ്വഭാവികളുമായ ലോക്കല്‍സിന്‍റെ കാര്യം ആരും ഓര്‍ത്തില്ല. കാപ്പിതൊട്ടത്തിനിടയിലുള്ള കുറുക്കു വഴികളിലൂടെ ഒക്കെ നടന്നു ഒരു വിധം ഗാനമേളയുടെ സമയത്തിനു അംബലപ്പറംബില്‍ എത്തി. നല്ല തണുപ്പയതിനാല്‍ എല്ലവരും ഷോളൊക്കെ തലവ്ഴി മൂടിയിരുന്നു.. അതുകൊണ്ടു ആദ്യത്തെ 2-3 പാട്ടുകള്‍ കുഴപ്പമില്ലാതെ കേട്ടു.

നല്ല ഡാന്‍സിനു പറ്റിയ പാട്ടുകള്‍ വരാന്‍ തുടങ്ങിയപ്പോള്‍ ഷോളൊക്കെ അതിന്‍റെ വഴിക്കു പോയി.. നല്ല ഒന്നാന്തരം ഡപ്പാങ്കൂത്ത് ഒരു സൈഡീന്നാരംഭിച്ചു. നമ്മുടെ ലോക്കല്‍സിന്‍റെ ശ്രദ്ധ ഇങൊട്ടു തിരിഞ്ഞു.. ആരെടാ അവിടെ... ആരുമില്ലെ.. ഒരു പൂച്ചയാണെ.. ഈ സിറ്റുവെഷനിലും കോമഡി ! അവന്‍മാരു വിടുമൊ... പിറകെ വന്നില്ലെ.. നമ്മളു വിടുമൊ.. ഓടിയില്ലെ..
ഓടുന്ന വഴിക്കൊരു മതിലു ചാടി.. തുറന്ന സ്ഥലം.. വല്ലിയ തിരക്കില്ല.. എന്തൊ പന്തികേട്.. ഉടന്‍ വന്നു അട്ടഹാസം " ആരെട അമ്ബലത്തില്‍ ചെരിപ്പിട്ടു കേറുന്നെ?" ഒട്ടും താമസിച്ചില്ല.. ചെരുപ്പു രണ്ടും എന്‍റെ കയ്യിലൊട്ടു കയറി.. പിന്നെ പണ്ടു പാടത്തു കിടന്നു പന്തിന്‍റെ പിറകെ ഓടിയ പരിചയം വെച്ചു ഒറ്റ ഓട്ടം.. ഇടക്കൊന്നു തിരിഞ്ഞു നോക്കി.. ആര്‍ക്കൊക്കെയൊ കിട്ടുന്ന ലക്ഷണമുണ്ടു.. ഒരു പട പിന്നലെ വരുന്നുണ്ട്.. എന്തായലും അവിടെ നിന്നില്ല.. ഓട്ടം തുടര്‍ന്നു..

പിറ്റെ ദിവസം ആരും ഇതിനെ കുറിച്ചൊന്നും മിണ്ടിയില്ല.. വരാതിരുന്നവര്‍ എങനെ ഉണ്ടായിരുന്നു എന്നു ചോദിച്ചാല്‍ ഒറ്റ വാക്കില്‍ ഒതുക്കും " കൊള്ളില്ലായിരുന്നു". അല്ലാതെ രാത്രി 10 മണിക്കു ഗാനമേള കേള്‍ക്കാന്‍ പോയിട്ട് അടി പേ(മേ)ടിച്ചു നേരത്തെ ഓടി വന്നതാണെന്നു പറയാന്‍ പാടില്ലല്ലൊ.. എന്തായാലും ഈ സംഭവം കഴിഞ്ഞു അധികമാരും കുറെ നാളത്തേക്കു ആ വഴി പോയിട്ടെ ഉണ്ടായിരുന്നില്ല. രാത്രി ആയതു കൊണ്ടു ആര്‍ക്കു കിട്ടി ആര്‍ക്കു കിട്ടിയില്ല എന്നു വന്നവര്‍ക്കാര്‍ക്കും അറിയില്ല എന്നുള്ളതായിരുന്നു പലരുടേയും ആശ്വാസം.