Even the life that you have is borrowed, Coz you r not promised tomorrow..

Friday, July 10, 2009

Yes OR No!

തെയില തോട്ടങ്ങള്‍ക്കു നടുവില്‍, ചെറിയ കുന്നുകളാല്‍ വളയപ്പെട്ട ഒരു മനോഹരമായ എഞ്ജിനിയറിങ്‌ കോളേജിലെ ആദ്യത്തെ ബാച്ച് 2005 ല്‍ പഠനം കഴിഞ്ഞു ജീവിതത്തിന്‍റെ കല്ലും മുള്ളും നിറഞ്ഞ പാതകളിലേക്കു ഇറങ്ങി. അക്കൂട്ടത്തില്‍ ഈ ഞാനും ഉണ്ടായിരുന്നു. പലരും ഐ.റ്റി എന്ന മഹാസാഗരത്തിലേക്കു ഊളിയിട്ടു. മറ്റു ചിലര്‍ ഗള്‍ഫ്‌ നാടുകളിലേക്കും, പഠിച്ചു കൊതി തീരാഞ്ഞവര്‍ ഉപരി പഠനത്തിനും! ആങ്ങനെ നാലു വര്‍ഷം കൊണ്ടും കൊടുത്തും, കൊഞ്ഞനം കുത്തിയും പരസ്പരം ഇണങ്ങിയും പിണങ്ങിയും കഴിഞവരൊക്കെ പല വഴിക്കായി.

ആന്നു ഗൌരവമായി കണ്ടിരുന്ന പല കാര്യങ്ങളും ഇന്നു ഓര്‍ത്തു ചിരിക്കാന്‍ പാകത്തിനു ഓര്‍മ്മകളില്‍ തങ്ങി നില്‍ക്കുന്നു. പ്രഭാത ഭക്ഷണത്തില്‍ ദോശക്കു കട്ടി കൂടുതലാണെന്നു പറഞ്ഞു സമരത്തിനിറങിയതും, പാതിരാത്രിക്കു പ്രേതത്തെ പിടിക്കന്‍ പോയതുമൊക്കെ ഇക്കൂട്ടത്തില്‍ പെടും! വണ്‍ പിച്ച്‌ ക്രിക്കറ്റു കളിച്ചു തകര്‍ത്ത ഇടനാഴിയിലെ ലൈറ്റുകളും, റബ്ബര്‍ ഷീറ്റ് വട്ടത്തില്‍ വെട്ടി വച്ചതു പോലെയുള്ള പൊറോട്ടയും ഒക്കെ ആണു ഹോസ്റ്റലിനെ പറ്റിയുള്ള ഓര്‍മകള്‍. ആകെയുള്ള ആശ്വാസം ആഴ്‌ച്ചയില്‍ രണ്ടു ദിവസം രാത്രിയില്‍ നോണ്‍വെജ്‌ കിട്ടുന്നതായിരുന്നു. ആതിന്‍റെ പിന്നിലും രസകരമായ പല സംഭവങ്ങളും ഉണ്ട്‌. ഇറച്ചി സ്ഥിരമായി കിട്ടിയിരുന്നെങിലും ഏതു ജന്തുവാണു, ഏതു ഭാഗമാണെന്നൊന്നും തിരിച്ചറിഞ്ഞിരുന്നില്ല.. എന്തായലും വലിയ വലിയ കഷ്ണങ്ങള്‍.. അത്രയും വലിയ കോഴി ഒക്കെ ഉണ്ടെന്നു വിചാരിച്ചു എല്ലാവരും നല്ല പോലെ വെട്ടിയിരുന്നു. . ഹോസ്റ്റല്‍ പ്രവര്‍ത്തനം ആരംഭിച്ച സമയത്തു ചുറ്റുവട്ടത്തു അനേകം ചാവാലി പട്ടികള്‍ അലഞ്ഞു നടന്നിരുന്നു. ഏന്തായലും ഞങള്‍ ഇറങ്ങാറായപ്പോളേക്കും ഒരെണ്ണത്തിനെ പോലും അവിടെ എങ്ങും കണ്ടിരുന്നില്ല. – എവിടെ പോയോ ആവൊ!

പഠിപ്പിക്കുംബോള്‍ ഇരുന്നുറങ്ങിയാലും ഒന്നും പറായാത്ത ടീച്ചര്‍മാരും, ഒന്നു കൈ അനക്കിയാല്‍ ഗെറ്റ് ഔട്ട് അടിക്കുന്ന സാറുമാരും ഉണ്ടായിരുന്ന തിയറി ക്ലാസ്സുകളില്‍ നിന്നും വ്യത്യസ്ത്തമായിരുന്നു ലാബുകള്‍. ഏന്നാല്‍ ചില ലാബുകള്‍ തിയറി ക്ലാസ്സുകളെക്കാളും ഭയങരവുമായിരുന്നു.

ആങ്ങനെ ഭയാനകമായ ഒരു ദിവസം ഉച്ച കഴിഞ്ഞു അതിഭയങ്കരമായ ഒരു ലാബില്‍ ഭാവിയിലെ എഞ്ജിനിയര്‍മാര്‍ മൈക്രൊപ്രോസസ്സര്‍ ഉപയോഗിച്ചു രണ്ടും രണ്ടും കൂട്ടാന്‍ പഠിക്കുന്ന സമയം. 3 പേരുള്ള ഗ്രൂപ്പുകളായാണു അങ്കം തുടങ്ങുന്നതു. ഞങ്ങള്‍ 3 പേരും അങ്കത്തിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. ബാക്കിയുള്ള ഗ്രൂപ്പുകളില്‍ നിന്നും ഞങള്‍ക്കൊരു വ്യത്യാസമെ ഉണ്ടായിരുന്നുള്ളു – ഞങ്ങളുടെ ഗ്രൂപ്പില്‍ പെണ്കുട്ടികളില്ല. സാധാരണ പെങ്കുട്ടികള്‍ ചെയ്യും ആണ്‍കുട്ടികള്‍ കോപ്പി അടിക്കും എന്ന ഒരു ധാരണയുണ്ട്‌ - അതു തെറ്റാണെന്നു തെളിയിക്കാന്‍ ഞങ്ങള്‍ എന്നും ആദ്യത്തെ വരിയില്‍ തന്നെ സ്ഥാനം പിടിക്കുകയും ചെയ്യേണ്ടതൊക്കെ നല്ലതുപോലെ ചെയ്തും പോന്നിരുന്നു. പക്ക്ഷെ ചെയ്യുന്നതെ ഫ്യുസ് അടിച്ചു കളയലും, പൂജ്യം വെട്ടും ഒക്കെ ആണെന്നു മാത്രം – അവസാനം അടുത്തിരിക്കുന്ന ഗ്രൂപ്പിലെ പെണ്‍കുട്ടിയുടെ ബുക്ക്‌ മേടിച്ചു നോക്കിയെഴുതും! കോപ്പി അടിക്കില്ല!

എന്‍റെ കൂടെ മച്ചാന്‍ എന്നു വിളിക്കുന്ന വളറെ മെലിഞ്ഞതും പാവവുമായിരുന്ന (ഇതെങ്ങാനും അവന്‍ വായിച്ചാലൊ?) ഒരു സാഹസിക കഥാപാത്രവും പിന്നെ ഇക്ക എന്നു വിളിക്കുന്ന ഒരു ഒറിജിനല്‍ പാവവുമാണുണ്ടായിരുന്നത്‌.
മച്ചാന്‍ വളരെ ഡീസന്‍റായിരുന്നു, എന്നെ പോലെ തന്നെ. ഞങ്ങള്‍ പതിവു പോലെ എല്ലാ വിഷയങ്ങള്‍ക്കും കൂടി ആകെ ഉള്ള ഒരു നോട്ബുക്ക്‌ മച്ചാന്‍റെ ബാഗില്‍ നിന്നും എടുത്തു എന്തൊക്കെയൊ കാര്യമായി അലോചിച്ചു എഴുതുന്നതായി ഭാവിച്ചു അങ്ങനെ ഇരുന്നു.
വലതു വശത്തെ ജനാലയിലൂടെ നോക്കിയാല്‍ മനോഹരമായ കുന്നിന്‍ചെരിവു കാണാം. നേര്‍ത്ത വെള്ളി നൂലു പോലെ ഒരു കുഞ്ഞു വെള്ള ചാട്ടം. നല്ല തണുത്ത കാറ്റു വീശുന്നുണ്ട്‌. പുറത്തു കൂടി നടക്കാന്‍ നല്ല സുഘമായിരിക്കും. ഈങ്ങനെയുള്ള പ്രദേശത്തൊക്കെ കോളേജു കൊണ്ടു വെച്ചാല്‍ പിള്ളേരെങ്ങനെ പഠിക്കാന? ആധികം തല പുണ്ണാക്കേണ്ടി വന്നില്ല.. അതിനു മുന്നെ ഒരു പെണ്‍ശബ്‌ദം - എന്തോ ആംഗലേയ ഭാഷയില്‍ മൊഴിയുന്നു!

ഇക്കേടെ ബുക്ക്‌ കാണിച്ചാല്‍ ടീച്ചര്‍ ‘ഗെറ്റ് ഔട്ട്‌’ അടിക്കുമെന്നതു കൊണ്ടും, മച്ചാന്‍റെ ബുക്ക്‌ കാണ്ടാല്‍ ടീച്ചര്‍ ഇനി മേലാല്‍ പഠിപ്പിക്കില്ലാന്നു പറഞ്ഞു ഇറങ്ങി പോകുമെന്നുള്ളതുകൊണ്ടും എന്‍റെ കയ്യില്‍ ബുക്കില്ലാത്തതുകൊണ്ടും ഞങ്ങള്‍ 3 പേരും ടീച്ചറുടെ മുഖത്തേക്കു നോക്കി. യാതൊരു ദയയുമില്ലതെ അവര്‍ പിന്നെയും അതു ചോദിച്ചു! ബുക്കെവിടെ?

ഏല്ലാം തീര്‍ന്നു. ഇപ്പൊ തന്നെ ഇറക്കിവിടും എന്നുറപ്പായി.. ബാക്കിയുള്ളവരൊക്കെ നോക്കി തുടങ്ങി. ഞാന്‍ മച്ചാനെ നോക്കി – എവിടെ!, ഒരു കൂസലുമില്ലാതെ ഒരു പേനയും കറക്കി കൊണ്ടു അവിടെ നില്‍ക്കുന്നു! പതുക്കെ ഇപ്പുറത്തേക്കു തിരിഞ്ഞു ഇക്കയെ നോക്കി – ഞെട്ടി! അവന്‍ ഒരു ബുക്കെടുത്തു കാണിക്കുന്നു – ഭയങ്കരന്‍ ! ഒരു നിമിഷം ടീച്ചറതു വാങ്ങി നോക്കി- എന്നിട്ടു ഒരു ചോദ്യം - ഇതാരാണു എഴുതിയതു?

“ഞങ്ങള്‍ മൂന്നുപേരും ആലോചിച്ചു എഴുതിയതാണു” ഇക്കയുടെ മറുപടി!

ഹൊ! സ്‌നേഹമുള്ളവന്‍.

സത്യം പറയു, ഇതാരാ എഴുതിയതു? നിങ്ങള്‍ തന്നെ ആണൊ?

ദെ പിന്നെം ചോദിക്കുന്നു! ഇത്തവണ ഇക്ക ഒന്നും മിണ്ടിയില്ല! ചതിച്ചു! ഏതു നിമിഷവും കിട്ടിയേക്കാവുന്ന ആ ‘ഗെറ്റ് ഔട്ട്‌’ പ്രതീക്‌ഷിച്ചു ശാന്തരായി ഞങ്ങള്‍ അവിടെ തന്നെ നിന്നു.

‘ഇതു നിങ്ങള്‍ എഴുതിയതാണൊ? Say Yes OR No' ടീച്ചര്‍ ചൂടായി തുടങ്ങി ... ഇനി അധികം താമസമുണ്ടാവില്ല.. ആരും ഒന്നും മിണ്ടുന്നില്ല...

വീണ്ടും 2 -3 തവണ അതെ ചോദ്യം - Say Yes OR No!

യെസ് പറഞ്ഞാല്‍ അതു മുഴുവന്‍ വിശദീകരിക്കാന്‍ പറയും! , നൊ പറഞ്ഞാല്‍ അപ്പൊ തന്നെ ഇറക്കി വിടും! ഏന്താ ചെയ്യുക? വീണ്ടും അതെ ചോദ്യം! “Say Yes OR No!”

പെട്ടന്നു സൈഡില്‍ നിന്നും ഒരു ശബ്‌ദം “ഓര്‍” !

Yes ഉം പറഞ്ഞില്ല No യും പറഞ്ഞില്ല – അവന്‍ 'ഓര്‍' പറഞ്ഞു .. മിടുക്കന്‍ പിന്നെ എല്ലാം ശുഭം .. ആ സെമസ്റ്ററില്‍ പിന്നീടു ലാബില്‍ കയറാന്‍ മനസ്സനുവദിച്ചില്ല ! (ടീച്ചറും!)


ഞാന്‍ അറിയാതെ പോയ രണ്ടു കാര്യങ്ങള്‍
1. ഇക്ക അടുത്തിരുന്ന പെണ്‍കുട്ടിയുടെ ബുക്ക് വാങ്ങി നേരത്തെ പകര്‍ത്തിയിരുന്നു!
2. ‘ഓര്‍’ പറഞ്ഞതു മച്ചാനായിരുന്നു