Even the life that you have is borrowed, Coz you r not promised tomorrow..

Saturday, August 30, 2008

ലോക കാര്യം!

അടുത്ത കാലത്തായി നമ്മള്‍ നേരിടുന്ന ഭക്ഷണ ക്ഷാമത്തെ പറ്റി യു.എന്‍ ഒരു സര്‍വ്വെ നടത്തി.
ചോദ്യം ഇത്രയെ ഉള്ളു :

"ബാക്കിയുള്ള രാജ്യങ്ങള്‍ നേരിടുന്ന ഭക്ഷണ ക്ഷാമത്തെ പറ്റി നിങ്ങളുടെ സത്യസന്ധമായ അഭിപ്രായം അറിയിക്കാമൊ?"

ചര്‍ച്ച വന്‍ പരാജയമായിരുന്നു -

    ആഫ്രികയില്‍ 'ഭക്ഷണം' എന്നു പറഞ്ഞതു മനസ്സിലായില്ല!

    ഇന്ത്യയില്‍ 'സത്യസന്ധം' എന്നു പറഞ്ഞതു കുഴപ്പമായി!

    യൂറോപ്പില്‍ 'ക്ഷാമം' എന്നു കേട്ടിട്ടില്ല!

    ചൈനയില്‍ 'അഭിപ്രായം' എന്നു പറഞ്ഞതു ആര്‍ക്കുമറിയില്ല!
    അമേരികയില്‍ എത്തിയപ്പോള്‍ 'ബാക്കിയുള്ള രാജ്യങ്ങള്‍' എന്നു പറഞ്ഞാല്‍ അവര്‍ക്കു അറിഞ്ഞുകൂടാ!


    ഇന്നു കിട്ടിയ ഒരു മെയില്‍...

Thursday, August 28, 2008

അന്താക്ഷരി അല്ല, എന്‍റെ "അന്ത്യാ"ക്ഷരി!

കോളേജിലെ ടൂറിനിടയില്‍ നടന്ന ഒരു ഭീകര സംഭവം.

വളരെ കഷ്ടപെട്ടു വീട്ടില്‍ നിന്നും സമ്മതമൊക്കെ വാങ്ങി ടൂറിനു റെഡിയായി. വെറും ടൂറെന്നു പറഞ്ഞാല്‍ വീട്ടില്‍ നിന്നും ഒരു ചില്ലി കാശ് കിട്ടില്ല- അപ്പൊ പിന്നെ സ്റ്റഡി ടൂറാക്കി. "വായിനോട്ടം ഒരു കോഴ്സിലും ഒരു സബ്ജെക്റ്റ് അല്ലല്ലോടാ" എന്നൊന്നും പിതാശ്രീ ചോദിച്ചില്ല!

അങ്ങനെ ബസ്സൊക്കെ ബുക്ക് ചെയ്തു യാത്ര തിരിച്ചു- മൈസൂറാണു സ്ഥലം.
പെണ്‍കുട്ടികളും ടീച്ചേഴ്‌സും ബസ്സിന്‍റെ മുന്‍വശത്തുള്ള സീറ്റുകളിലും ആണ്‍കുട്ടികള്‍ പുറകിലത്തെ സീറ്റുകളിലും സ്ഥാനം പിടിച്ചു. പിന്നില്‍ പതിവുപോലെ കുപ്പി പൊട്ടലും, പൊട്ടിക്കലും, പാട്ടും പാരടിയും, പൂരപ്പാട്ടും ഒക്കെ പൊടിപൊടിക്കും. മുന്‍വശത്താണെങ്കില്‍ പാട്ടു മാത്രം. ലൈന്‍ ഉള്ളവര്‍, ലൈന്‍ വലിച്ചുകൊണ്ടിരിക്കുന്നവര്‍ തുടങ്ങിയ, എന്നെ പോലെയുള്ള പാവങ്ങള്‍ ഇതിന്‍റെ രണ്ടിന്‍റെയും നടുവില്‍ വളരെ പ്രയാസപെട്ടു തങ്ങളുടെ പദ്‌ധതികള്‍ നടപ്പാക്കുന്നു.എന്‍റെ ഉദ്ദേശം വളരെ ലളിതമായിരുന്നു - എന്‍റെ കാമുകി(ഇന്ന് ഭാര്യ) യുടെ മുന്നില്‍ ഒരു നല്ല ഇമേജ് ഉണ്ടാക്കിയെടുക്കെണം! പക്ഷേ ഒന്നും നടന്നില്ല. അവള്‍ തിരിഞ്ഞു പോലും നോക്കിയില്ല. അങ്ങനെ കറങ്ങി തിരിഞ്ഞു മൈസൂറെത്തി.

പകല്‍ കുറച്ചു സമയം ഷോപ്പിങ്ങ് എന്നു പറഞ്ഞ് എല്ലവരും ഇറങ്ങി. അവളെ വിളിച്ചിട്ടു നിനക്കെന്നതാ വാങ്ങി തരെണ്ടതെന്നു ചോദിക്കെണമെന്നുണ്ടായിരുന്നു- പക്ഷേ വേണ്ടാന്നു വെച്ചു. അവളെങ്ങനും അതു വേണം ഇതു വേണം എന്നൊക്കെ പറഞ്ഞാല്‍ കുടുങ്ങും! "കയ്യില്‍ കാശില്ലാതെയാണൊ പ്രേമിക്കാനിറങ്ങിയിരിക്കുന്നെ?" എന്നവളെ കൊണ്ടു ചോദിപ്പിക്കെണ്ടല്ലൊ എന്നു കരുതിയാ, അല്ലാതെ ചമ്മലുണ്ടായിട്ടൊന്നുമല്ല.

വൈകുന്നേരം വൃന്ദാവനില്‍ എത്തി. ചെടികളും പൂക്കളൂം ഒക്കെ എന്തോന്നു കാണാന്‍? നമ്മള്‍ ഇമേജുണ്ടാക്കാനുള്ള പാടിലാണ്.ഒരു വിധം സംസാരിച്ചു ഞാന്‍ ഒരു ഭയങ്കര പുലി ആണെന്നൊക്കെ വരുത്തി തീര്‍ത്തു.ഇനി കുറച്ചു സമയം വിശ്രമം എന്നും പറഞ്ഞു എല്ലവരും അവിടെ പുല്ലിന്‍മേല്‍മിരുന്നു- അപ്പോളാണു വില്ലന്‍റെ വരവ് - അന്താക്ഷരി!
പെണ്‍കുട്ടികളൊരു വശത്തും ആണ്‍കുട്ടികള്‍ മറുവശത്തും. ഒരു ടീം പാടുന്ന പാട്ടിന്‍റെ അവസാനതെ വാക്കിന്‍റെ ആദ്യ അക്ഷരം കൊണ്ടു അടുത്ത ടീം പാടണം.പാട്ടിനെ പറ്റി വലിയ വിവരമില്ലാത്തതിനാല്‍ ഞാന്‍ പിന്‍നിരയില്‍ സ്ഥാനമൊക്കെ പിടിച്ചീരുന്നു. വെറുതെ ഒന്നു നോക്കിയപ്പോള്‍ അതാ അവള്‍ മുന്‍നിരയിലിരുന്നു തകര്‍ത്തു പാടുന്നു. കേട്ടിട്ടു പോലുമില്ലാത്ത മലയാളം പാട്ടുകളൊക്കെ മണി മണി ആയി പാടുന്നു! നിമിഷ നേരം കൊണ്ടു ഞാനും മുന്‍നിരയിലെത്തി. "നിനകെന്താടാ ഇവിടെ കാര്യം" എന്നുള്ള രീതിയില്‍ ചിലര്‍ നോക്കിയെങ്കിലും, ഞാന്‍ അതൊന്നും മൈന്‍ഡ് ചെയ്യതെ പാട്ടു പാടുന്നതു പോലെ അഭിനയിചു അവിടെ അങ്ങനെ കൂടി. എന്‍റെ "പാറപ്പുറത്തു ചിരട്ട ഉരക്കുന്നതു പൊലെ" ഉള്ള ശബ്ദം പുറത്തു കേള്‍ക്കാതിരിക്കന്‍ പ്രത്യേകം ശ്രദ്ധിച്ചു.

പാട്ടൊന്നും അറിയില്ലെങ്കിലും, നമ്മുടെ ടീം പാടി കഴിയാറാകുംബോള്‍ അവസാന അക്ഷരം കണ്ടു പിടിച്ച്‌ "ഹ" വെച്ചു പാട്, "ക" വെച്ചു പാടു എന്നൊക്കെ അവരോടു വിളിച്ചു പറഞ്ഞു കൊണ്ടു ഞാനും അവിടെ ഒരു സ്റ്റാറാകന്‍ ശ്രമിച്ചു. കുറെ കഴിഞ്ഞപ്പോളെക്കും എല്ലാവരുടെയും പാട്ടിന്‍റെ സ്റ്റോക്കൊക്കെ തീരാറായി. "ക" വരുംബോള്‍ കാക്കെ കാക്കെ പാടിയും, "ഹ" വരുംബോള്‍ "ഹല്ലേലൂയ്യ" എന്നൊക്കെ പാടിയും അവിടെ ഞാന്‍ വലിയ തമാശക്കരനാണെന്നുള്ള ഭാവത്തില്‍ ഞാന്‍ അങ്ങനെ ഞെളിഞ്ഞിരുന്നു.
അപ്പൊ നമ്മുടെ ടീമിനു വീണ്ടും "ഹ" വെച്ചു പാടണം. പാട്ടെല്ലാം പാടി കഴിഞ്ഞു. ആരുടെ കയ്യിലും സ്റ്റോക്കില്ല. തോല്‍വി സമ്മതിക്കേണ്ടി വരുമെന്ന അവസ്ഥയായി. പെട്ടെന്നു എന്‍റെ തലയിലൊരു പാട്ടു കത്തി - "ഹലൊ ബ്രദര്‍" എന്ന ഒരു ഹിന്ദി പാട്ട്. ഞാന്‍ അടുത്തിരുന്നവരോടു പറഞ്ഞു. ഭാഗ്യം, അവര്‍ക്കതറിയാമായിരുന്നു,(ഇല്ലെങ്കില്‍ ഞാന്‍ പാടേണ്ടി വന്നേനെ!) അങ്ങനെ ഞാന്‍ ടീമിന്‍റെ രക്ഷകനായി! വീണ്ടും ഒന്നുകൂടി പൊങ്ങി!. "ഹൊ, ഞാനൊരു സംഭവം തന്നെ!" എന്ന ഭാവത്തോടെ ഞാന്‍ ഒന്നു കൂടെ ഒന്നു പൊങ്ങി ഇരുന്നു. അവര്‍ പാടി തീരാറായി.. ഞാന്‍ പതിവു പോലെ അവസാന അക്ഷരം കണ്ടു പിടിച്ചു "ബ്ര" വെച്ചു പാട് "ബ്ര" വെച്ചു പാട് എന്നു വിളിച്ചു പറഞ്ഞു. പെട്ടെന്നു എവിടെ നിന്നൊ കുറെ കൈകള്‍ വന്നു വാ പൊത്തുന്നു, തലക്കു പിടിക്കുന്നു,പുറത്തിടിക്കുന്നു, ഒന്നും മനസ്സിലായില്ല. പെട്ടെന്നു മുന്‍നിരയിലിരുന്ന ഞാന്‍ പിന്‍നിരയിലെത്തി പിന്നാലെ ഒരു ചോദ്യവും "എന്തു വൃത്തികേടാടാ വിളിച്ചു പറയുന്നെ?".
അപ്പോഴും എനിക്ക് കാര്യം മനസ്സിലായില്ല. പക്ഷെ ഒരു കാര്യം പിടി കിട്ടി - കംബ്‌ളീറ്റ് ഇമേജും പോയി കിട്ടി!
ഇതു അന്താക്ഷരി അല്ല എന്‍റെ "അന്ത്യാ"ക്ഷരി ആയിപ്പോയി!

Monday, August 11, 2008

അക്കാദമിയോസ്‌ ബ്ലോഗോസ്‌!.

പ്രീയപ്പെട്ട അക്കാദമിബ്ലോഗരെ,

ഓള്‍ ഇന്ത്യ ബ്ലോഗോസ് അക്കാദമിയുടെ വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ പ്രധാനപെട്ട ചില കാര്യങ്ങള്‍ ഞാനിവിടെ പറയാന്‍ ആഗ്രഹിക്കുകയാണ്.

ഇതു വര്‍ഷം 2020. ഇന്ത്യ വളരെ ഏറെ പുരോഗമിച്ചിരിക്കുന്നു. അമേരിക്ക ആണവ പരീക്ഷണം നടത്തണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത്‌ വരെ ഇന്ത്യയാണ്. നമ്മള്‍ ഇന്ന്‌ ഈ നിലയിലെത്താന്‍ കാരണങ്ങള്‍ പലതുമുണ്ട്- എന്നാല്‍ അതില്‍ ഏറ്റവും പ്രധാനമായ പങ്ക് വഹിച്ച ആളാരാണെന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളു - അക്കാദമിയോസ്‌ ബ്ലോഗോസ്‌! അദ്ദേഹം ഒരു വ്യക്തിയല്ല , മറിച്ച്‌ ഒരു പ്രസ്‌ഥാനമാണ്, ഒരു രാജ്യമാണ്(കണ്ട്രി അല്ല), ഒരു ലോകമാണ്.

സ്വതന്ത്രമായി ബ്ലോഗിക്കൊണ്ടിരുന്ന ബൂലോഗരെ എല്ലാം പിടിച്ചു ഒരു കുടക്കീഴിലാക്കി ഓള്‍ ഇന്ത്യാ ബ്ലോഗോസ്‌ അക്കാദമി എന്ന സംഘടന തുടങ്ങിയതു മാത്രമായിരുന്നില്ല അദ്ദേഹം ചെയ്തതു - അക്കാദമി തുടങ്ങിയപ്പോള്‍ ഉണ്ടായ എതിര്‍പ്പുകളെ ധീരമായി ചെറുത്തു നിന്നു അക്കാദമി റെജിസ്റ്റര്‍ ചെയ്യുകയും,അക്കാദമിയിലെ അംഗങ്ങള്‍ക്കു ബ്ലോഗാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്തു.
അങ്ങനെ അക്കാദമിയുടെ അംഗങ്ങള്‍ ബ്ലോഗി ബ്ലോഗി ഇന്ത്യയെ ഈ നിലയില്‍ എത്തിച്ചു.
നമ്മുടെ രാഷ്ട്രത്തിന്‍റെ ഉന്നമനത്തിനായി ബ്ലോഗിലൂടെ കഠിനമയി അധ്വാനിക്കുകയും യുവാക്കളെ ബ്ലോഗിലൂടെ നേര്‍വഴിക്കു നടത്തുകയും വേറെ പറഞ്ഞറിയിക്കാന്‍ കോള്ളില്ലാത്തതായ ഒട്ടനവധി സത്‌കര്‍മ്മങ്ങളും ചെയ്തിട്ടുള്ളതുമായ ഇദ്ദേഹത്തെ ഈ വര്‍ഷത്തെ നോബേല്‍ സമ്മാനതിനു നോമിനേറ്റ് ചെയ്യണമെന്ന നിര്‍ദ്ദേശം ഞാന്‍ മുന്നോട്ടു വെക്കുകയാണ്.

ബ്ലോഗിന്‍റെ ചരിത്രത്തില്‍(ലോക ചരിത്രത്തില്‍ തന്നെ) ആദ്യമായി ബ്ലോഗക്കാദമി ഉണ്ടാക്കിയ ആളെന്ന നിലയില്‍ ചരിത്രത്തിന്‍റെ താളുകളില്‍ അക്കാദമിയോസിന്‍റെ പേരു തങ്കലിപികളാല്‍ എഴുതപെട്ടു കഴിഞ്ഞു.

ഓള്‍ ഇന്ത്യാ ബ്ലോഗോസ്‌ അക്കാദമി എന്നു പറയുന്നതൊരു സ്വതന്ത്ര സംഘടനയാണ്. അതില്‍ നേതാക്കളില്ല എന്നതു തന്നെ ആണു അതിനെ മറ്റു സംഘടനകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. അപ്പൊ പിന്നെ അക്കാദമിയോസ് ആരാണ്? അക്കാദമിയോസ്‌ ഒരിക്കലും അക്കാദമിയുടെ നേതാവല്ല- എല്ലാമെല്ലാമാണ്. ബ്ലോഗിലൂടെ രാഷ്ട്രത്തിന്‍റെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച ഒരാളെന്ന നിലയില്‍ അദ്ദേഹത്തെ ബ്ലോഗ്പിതാവെന്നു വിളിക്കുന്നതിലും തെറ്റില്ല.

ഒരു ഡിജിറ്റല്‍ ഐഡി ഉണ്ടെങ്കില്‍ ആര്‍ക്കും ബ്ലോഗാമെന്ന അവസ്ഥയില്‍ നിന്നും പാസ്പോര്‍ട്ടുണ്ടെങ്കിലെ ബ്ലോഗാന്‍ പറ്റുള്ളു എന്ന അവസ്ഥയില്‍ എത്തിക്കാന്‍ അദ്ദേഹം വളരെ അധികം കഷ്ടപെട്ടു. ഇന്നിപ്പോള്‍ അക്കാദമിയിലുള്ള എല്ലാ ബ്ലോഗര്‍ക്കും പാസ്പോര്‍ട്ട് ഉണ്ട്‌. ഇതൊരു ചില്ലറ നേട്ടമല്ല.

ഇത്രയും പറഞ്ഞു കൊണ്ട് ഞാനെന്‍റെ വാക്കുകള്‍ ചുരുക്കുന്നു - നന്ദി, നമസ്കാരം.

ഒരു കാര്യം കൂടി - പണ്ടിങ്ങേരു ഈ അക്കാദമി കണ്ടു പിടിച്ചില്ലയിരുന്നെങ്കില്‍ നമ്മളൊക്കെ തെണ്ടിപ്പോയേനെ! ചിലപ്പൊ ബ്ലൊഗ്ഗിങ് തന്നെ ഇല്ലാതായേനെ! തല്ലെടാ അവനെ.....


ഠിം! കണ്ണു തുറന്നപ്പോള്‍ കട്ടിലിനു താഴെ. മുതുകിനു നല്ല വേദനയും. ശകുനം ശരിയല്ല, ഓര്‍ത്തപ്പോളെ കട്ടിലേന്നു താഴെ വീണു. അങ്ങനെ ഞാന്‍ ഒറ്റക്കു തുടങ്ങാനിരുന്ന അക്കാദമി വേണ്ടാന്നു വെച്ചു - പകരം ബെര്‍ളി തുടങ്ങിയ പുതിയ അക്കാദമിയില്‍ ചേരാമെന്നു വെച്ചു. :-)