Even the life that you have is borrowed, Coz you r not promised tomorrow..

Saturday, March 1, 2008

അടി വരുന്ന വഴി..

എന്‍ട്രന്‍സൊക്കെ കഴിഞ്ഞ് റാങ്കിന്‍റെ വലിപ്പമനുസരിച്ചു എനിക്കും കിട്ടി ഒരു സീറ്റ്. സംഗതി സ്വാശ്രയമാ.. കാശു കൊടുക്കതെ കിട്ടിയതല്ലെ.. ഇരിക്കട്ടെ എന്നു വിചാരിച്ചു.. പുതിയ കോളെജാണു. ആദ്യത്തെ ബാച്ച്..
നല്ല ഒന്നാന്തരം സ്ഥലം. തെയിലത്തോട്ടത്തിനു നടുവില്‍ ഒരു കോളേജ്. നല്ല തണുപ്പ്.. ചെറിയ മഞ്ഞുമുണ്ട്.. ചുരുക്കം പറഞ്ഞാല്‍ പഠിത്തമൊഴിച്ചു ബാക്കി എന്തിനും പറ്റിയ സ്ഥലം.. കോളേജിന്‍റെ ചുറ്റുവട്ടത്തെങ്ങും ഒരു മാടക്കട പോലുമില്ല.. പിന്നെ വീടിന്‍റെ കാര്യം പറയണ്ടല്ലൊ..
അങ്ങനെ കോളേജു ജീവിതം ആരംഭിക്കുകയായി.. ഫസ്റ്റ് ബാച്ചല്ലെ .. റാഗിങ്ങില്ല.. ഹോസ്റ്റലില്‍ താമസം.. അതും 2-3 കി.മി ദൂരെ.. ക്യംപസിനകത്തൊരു ഹോസ്റ്റലുണ്ട്.. നാലു സൈഡും തകരഷീറ്റ് മാത്രമടിചത്തു..ഭാവിയില്‍ വലിയ എഞ്ജിനിയറാകണ്ട് മകന്‍ അതില്‍ താമസിക്കെണ്ട എന്നു സ്വന്തം അപ്പന്‍ തീരുമാനിച്ചതുകൊണ്ട് കുറച്ചു കൂടി നല്ല ഹോസ്റ്റലിലേക്കു വിട്ടു.
വലിയ പ്രതീക്ഷകളുമായി 'നല്ല' ഹോസ്റ്റലില്‍ എത്തിയെങ്കിലും രാവിലെ 8 മണിക്കു മുന്‍പു ബസ്സ് വരുമെന്നും നടന്നു പോകാനൊ മറ്റു വണ്ടികളില്‍ പോകാനൊ സൌകര്യമില്ലെന്നൊക്കെ കേട്ടപ്പോള്‍ തന്നെ കാര്യങ്ങളൊക്കെ എതാണ്ട് തീരുമാനമായി.. എന്നാലും ഈ കിടു കിടാ വിറക്കുന്ന തണുപ്പത്തു തകര ഷീറ്റിനെക്കാള്‍ നല്ലതു കാപ്പി തോട്ടത്തിന്‍റെ നടുക്കുള്ള സ്റ്റോറേജ് റൂമുകളാണെന്നു തോന്നി.
അങ്ങനെ ഊട്ടിയിലും കൊടൈക്കനാലിലും ഒക്കെ വെച്ചു മാത്രം അനുഭവിച്ചിട്ടുള്ള തണുപ്പ് കെരളത്തിലും ഉണ്ടെന്നു മനസ്സിലാക്കിത്തരുന്നതായിരുന്നു പിന്നീടുള്ള ഹോസ്റ്റല്‍ ജീവിതം. പഠിത്തവും കുളിയുമൊഴികെ ബാക്കി എല്ലാം ഒരു വിധം നടന്നു പോയി.

അങ്ങനെ ദിവസങ്ങള്‍ കടന്നു പോയിക്കൊണ്ടിരുന്നു.. സാഹചര്യങ്ങളുമായി ഞങ്ങളും പൊരുത്തപ്പെട്ടു തുടങ്ങി.. തൊട്ടടുതുള്ള ടൌണിലേക്കുള്ള കുറുക്കു വഴിയും, ക്രിക്കറ്റ് കളിക്കാനുള്ള സ്ഥലവുമൊക്കെ കണ്ടുപിടിച്ചു. അങ്ങനെ സ്വസ്തമായും സുഘമായും ജീവിച്ചു പോകുന്നതിനിടയില്‍ സീരീസ് എക്സാമെന്നും, അസ്സൈന്‍മെന്‍റെന്നുമൊക്കെ പറഞു ചില രസംകൊല്ലികളെ പരിചയപെടേണ്ടി വന്നു.. ഇവ രണ്ടും പിന്നീടുള്ള നാലു വര്‍ഷം എന്നെ വിടാതെ പിന്‍തുടരുമെന്നു ഞാന്‍ അന്നറിഞിരുന്നില്ല.

ഇതൊക്കെ ആണെങ്കിലും കോളെജില്‍ എത്തി, ഈ ചുരുങ്ങിയ കാലം കൊണ്ടു തന്നെ അവിടെ ഉള്ള ലോക്കല്‍ പയ്യന്‍മാരുമായി നല്ല ഒരു ബന്ധം സ്ഥാപിച്ചെടുക്കന്‍ ഞങ്ങള്‍ക്കു സാധിച്ചു. ഞങ്ങളെ ആരെയെങ്കിലും അവിടെ എവിടെയെങ്കിലും കണ്ടാല്‍ "കിടന്നു കറങ്ങാതെ വീട്ടില്‍ പോട", "ഇനിയും ഇവിടെ കണ്ടാല്‍ കാല്‍ തല്ലി ഒടിക്കും" തുടങ്ങി ഇവിടെ എഴുതാന്‍ പറ്റത്തതായ പലതും പറഞ്ഞു അവര്‍ ഞങ്ങളോടുള്ള സ്നേഹം പ്രകടിപ്പിച്ചിരുന്നു.അങ്ങനെ സ്നേഹമുള്ള ലോക്കല്‍സുള്ളതുകൊണ്ടു അധികമൊന്നും പുറത്തിറങ്ങാതെ തന്നെ ഞങ്ങള്‍ കഴിഞ്ഞു കൂടി. ഈ സമയത്താണു അവിടെ അടുത്തൊരംബലത്തില്‍ ഉത്സവം ഉണ്ടെന്നുള്ള വിവരമറിഞ്ഞതു.. ഒരു പുതിയ സിനിമ കാണെണമെങ്കില്‍ 20 കി.മി ദൂരെ ഉള്ള തീയറ്ററില്‍ പോകെണം. അങ്ങനെ ഉള്ള ഒരു സമയത്തു ഉത്സവമെങ്കില്‍ ഉത്സവം എന്നു പറഞ്ഞു എല്ലാംകൂടെ ചാടി അങ്ങു പുറപ്പെട്ടു.. സ്നേഹസമ്ബന്നരും സല്‍സ്വഭാവികളുമായ ലോക്കല്‍സിന്‍റെ കാര്യം ആരും ഓര്‍ത്തില്ല. കാപ്പിതൊട്ടത്തിനിടയിലുള്ള കുറുക്കു വഴികളിലൂടെ ഒക്കെ നടന്നു ഒരു വിധം ഗാനമേളയുടെ സമയത്തിനു അംബലപ്പറംബില്‍ എത്തി. നല്ല തണുപ്പയതിനാല്‍ എല്ലവരും ഷോളൊക്കെ തലവ്ഴി മൂടിയിരുന്നു.. അതുകൊണ്ടു ആദ്യത്തെ 2-3 പാട്ടുകള്‍ കുഴപ്പമില്ലാതെ കേട്ടു.

നല്ല ഡാന്‍സിനു പറ്റിയ പാട്ടുകള്‍ വരാന്‍ തുടങ്ങിയപ്പോള്‍ ഷോളൊക്കെ അതിന്‍റെ വഴിക്കു പോയി.. നല്ല ഒന്നാന്തരം ഡപ്പാങ്കൂത്ത് ഒരു സൈഡീന്നാരംഭിച്ചു. നമ്മുടെ ലോക്കല്‍സിന്‍റെ ശ്രദ്ധ ഇങൊട്ടു തിരിഞ്ഞു.. ആരെടാ അവിടെ... ആരുമില്ലെ.. ഒരു പൂച്ചയാണെ.. ഈ സിറ്റുവെഷനിലും കോമഡി ! അവന്‍മാരു വിടുമൊ... പിറകെ വന്നില്ലെ.. നമ്മളു വിടുമൊ.. ഓടിയില്ലെ..
ഓടുന്ന വഴിക്കൊരു മതിലു ചാടി.. തുറന്ന സ്ഥലം.. വല്ലിയ തിരക്കില്ല.. എന്തൊ പന്തികേട്.. ഉടന്‍ വന്നു അട്ടഹാസം " ആരെട അമ്ബലത്തില്‍ ചെരിപ്പിട്ടു കേറുന്നെ?" ഒട്ടും താമസിച്ചില്ല.. ചെരുപ്പു രണ്ടും എന്‍റെ കയ്യിലൊട്ടു കയറി.. പിന്നെ പണ്ടു പാടത്തു കിടന്നു പന്തിന്‍റെ പിറകെ ഓടിയ പരിചയം വെച്ചു ഒറ്റ ഓട്ടം.. ഇടക്കൊന്നു തിരിഞ്ഞു നോക്കി.. ആര്‍ക്കൊക്കെയൊ കിട്ടുന്ന ലക്ഷണമുണ്ടു.. ഒരു പട പിന്നലെ വരുന്നുണ്ട്.. എന്തായലും അവിടെ നിന്നില്ല.. ഓട്ടം തുടര്‍ന്നു..

പിറ്റെ ദിവസം ആരും ഇതിനെ കുറിച്ചൊന്നും മിണ്ടിയില്ല.. വരാതിരുന്നവര്‍ എങനെ ഉണ്ടായിരുന്നു എന്നു ചോദിച്ചാല്‍ ഒറ്റ വാക്കില്‍ ഒതുക്കും " കൊള്ളില്ലായിരുന്നു". അല്ലാതെ രാത്രി 10 മണിക്കു ഗാനമേള കേള്‍ക്കാന്‍ പോയിട്ട് അടി പേ(മേ)ടിച്ചു നേരത്തെ ഓടി വന്നതാണെന്നു പറയാന്‍ പാടില്ലല്ലൊ.. എന്തായാലും ഈ സംഭവം കഴിഞ്ഞു അധികമാരും കുറെ നാളത്തേക്കു ആ വഴി പോയിട്ടെ ഉണ്ടായിരുന്നില്ല. രാത്രി ആയതു കൊണ്ടു ആര്‍ക്കു കിട്ടി ആര്‍ക്കു കിട്ടിയില്ല എന്നു വന്നവര്‍ക്കാര്‍ക്കും അറിയില്ല എന്നുള്ളതായിരുന്നു പലരുടേയും ആശ്വാസം.

4 comments:

തോന്ന്യാസി said...

അമ്പലത്തിനകത്തു ചെരുപ്പിട്ട് കേറീന്ന് ,മാത്രല്ല (പേടിച്ച്)മൂത്രൊഴിക്ക്യേം ചെയ്തോന് ഇത്രല്ലേ പറ്റീള്ളൂ അങ്ങനെ സമാധാനിക്ക്യാ...

Suraj said...

ഇഷ്ടപ്പെട്ടു....എന്നുമാത്രമല്ല പാതിരാത്രി ഏ-പടം കണ്ടിട്ട് തണുപ്പത്ത് മംഗലാപുരം ലോറിയില്‍ക്കേറി ഹോസ്റ്റലു പറ്റിയ മെഡിക്കല്‍ കോളജ് ദിനങ്ങളും ഓര്‍ത്തു..! ഹ ഹ ഹ!

A Cunning Linguist said...

എനിക്ക് അടി കിട്ടിയില്ലാ എന്നാണോ അവകാശപ്പെടുന്നേ???....


;)


എത്ര എണ്ണം കിട്ടി?

ശ്രീ said...

“ആരെടാ അവിടെ... ആരുമില്ലെ.. ഒരു പൂച്ചയാണെ.. ഈ സിറ്റുവെഷനിലും കോമഡി ! അവന്‍മാരു വിടുമൊ... പിറകെ വന്നില്ലെ.. നമ്മളു വിടുമൊ.. ഓടിയില്ലെ...”

രസികന്‍ വിവരണം.
:)