Even the life that you have is borrowed, Coz you r not promised tomorrow..

Saturday, April 12, 2008

വെറും ഒരു കഥ! :-)

ഇതു വെറും ഒരു കഥ മാത്രം. ഇതിലെ കഥാപാത്രങ്ങള്‍ തികച്ചൂം സാങ്കല്‍പികം മാത്രമാണ്. :-)


രാജുമോന്‍ പഠിക്കാന്‍ മിടുക്കനായിരുന്നു. എല്ലാ വിഷയത്തിലും ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്നതു രാജു മോന്‍ ആയിരുന്നു.അതുകൊണ്ട്‌ ടീച്ചര്‍മാരുടെ കണ്ണിലുണ്ണിയായി രാജു മോന്‍ സുഖമായി ജീവിച്ചു പോന്നു. അങ്ങനെ ഇരിക്കെ ഒരു ദിവസം രാജുമോന്‍റെ തൊട്ടടുത്തു ഇരിക്കുകയും എല്ലാ വിഷയത്തിലും "മൊട്ട" മേടിക്കുകയും ചെയ്തിരുന്ന റ്റിന്‍റുമോന്‍ പെട്ടന്നൊരു ചോദ്യം ചോദിച്ചു - "ബെര്‍ളി ആരാന്നറിയുമൊ?"
രാജു മോന്‍ ഒരു നിമിഷം ഞെട്ടി. തനിക്കറിയാവുന്ന എല്ലാ വിഷയങ്ങളിലും മുങ്ങി തപ്പി - ഹിസ്റ്ററി,ബയോളജി,കെമിസ്റ്റ്റി,ഫിസിക്സ് തുടങി എല്ലാത്തിലും തപ്പി - കിട്ടിയില്ല.രാജുമോന്‍ ആകെ തകര്‍ന്നു പോയി. സ്ഥിരമായി "മൊട്ട" വാങ്ങാറുള്ള ടിന്‍റുമോന്‍റെ ചോദ്യത്തിനു മുന്നില്‍ താന്‍ തോറ്റിരിക്കുന്നു എന്നവനു വിശ്വസിക്കന്‍ കഴിഞ്ഞില്ല.. അവന്‍ വിങ്ങലോടെ പറഞ്ഞു - "എനിക്കറിയില്ല"
ഒരു നിമിഷം - എല്ലാം സ്തംഭിച്ചു.



അതുവരെ ചലപില ചിലച്ചൊണ്ടിരുന്ന എല്ലാവരും രാജുമോനെ തന്നെ തുറിച്ചു നോക്കി. ഒന്നും മനസ്സിലാകാതെ അന്തം വിട്ടു രാജുമോന്‍ അവിടെ തന്നെ ഇരുന്നു. ആരും കാണ്ണെടുക്കുന്ന മട്ടില്ല. രാജുമൊന്‍റെ ധൈര്യം പതുക്കെ ചോര്‍ന്നു തുടങ്ങി. "ആരായിരിക്കും ഈ ബെര്‍ളി?" രാജുമോന്‍ ചെറിയ ഒരു പേടിയോടെ ആലോചിച്ചു തുടങ്ങി. അവന്‍ ചുറ്റും ഒന്നു കണ്ണോടിച്ചു.ഇല്ല, ആരും അനങ്ങുന്നില്ല.. എല്ലാവരും തന്നെ നോക്കി ഒരേ ഇരുപ്പാണ്. രാജുമോന്‍ താഴേക്കു നോക്കി - ഇല്ല ഭൂമി പിളരുന്നില്ല.. ഉണ്ടായിരുന്നെങ്കില്‍ അതിലേക്കു ചാടാമായിരുന്നു, മുകളിലേക്കു നോക്കി, ഇല്ല, മേല്‍കൂര ഇടിഞ്ഞു വീഴുന്നുമില്ല.. രക്ഷപെടാന്‍ ഒരു മാര്‍ഗ്ഗവുമില്ല.. അവന്‍ കരച്ചിലിന്‍റെ വക്കോളമെത്തി..
"എന്താ എന്താ അവിടെ" നിശബ്ദത ഭേദിച്ചു കൊണ്ടു ക്ലാസ്സ് ടീച്ചറുടെ ശബ്ദമായിരുന്നു അത്. എല്ലാം കഴിഞ്ഞു എന്നൊര്‍ത്തു രാജുമോന്‍ സമാധാനിച്ചു. പക്ഷെ രാജു മോനെ നടുക്കി കൊണ്ട്‌ എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു - "ടീച്ചറെ, ഇവനു ബെര്‍ളി ആരാന്നു അറിഞ്ഞുകൂടാ!"
പത്തറുപതോളം വിരലുകള്‍ തനിക്കു നേരെ ചൂണ്ടിയിരിക്കുന്നതു അവന്‍ കണ്ടു. അവന്‍ ദയനീയമായി ടീച്ചറെ നോക്കി.


ടീച്ചറുടെ അടുത്തു നിന്നും "ഈ പിള്ളേര്‍ക്കിതെന്തിന്‍റെ കേടാ" എന്ന ഒരു ചോദ്യം പ്രതീക്ഷിച്ച രാജുമോന്‍ വീണ്ടും ഞെട്ടി. ടീച്ചറുടെ മുഖം ദേഷ്യം കൊണ്ടു ചുവന്നിരിക്കുന്നു. കണ്ണില്‍ ഇരുട്ടു കയറുന്നതായി അവനു തോന്നി. ടീച്ചറവനെ മുന്നിലേക്കു വിളിച്ചു. "നിനക്കു ബെര്‍ളി ആരാണെന്നു അറിയില്ലെ?" ടീച്ചര്‍ ദെഷ്യത്തോടെ തന്നെ ചോദിച്ചു. "അത്.. അത്.. അറിയില്ല" എന്നവന്‍ പറഞ്ഞു.
"ഗെറ്റ് ഔട്ട്! ഇനി ഹെഡ്മാസ്റ്ററെ കണ്ടിട്ടു ഇനി എന്‍റെ ക്ലാസ്സില്‍ കയറിയാല്‍ മതി" ടീച്ചര്‍ ആഞ്ജാപിച്ചു. പാവം രാജുമോന്‍, ക്ലാസ്സില്‍ നിന്നും വെളിയിലിറങ്ങി നടന്നു.. ആപ്പോഴും അവന്‍റെ മനസ്സില്‍ ഒരേ ഒരു ചൊദ്യമെ ഉണ്ടായിരുന്നുള്ളു - "അരാണീ ബെര്‍ളി?"
ഹെഡ്മാസ്റ്ററിനെ കണ്ടു കാര്യം പറഞ്ഞു. "ഗെറ്റ് ഔട്ട്!" അവിടുന്നും കിട്ടി.. ഇനി മേലാല്‍ ഈ സ്കൂളില്‍ കണ്ടു പോകരുതു. സെക്യുരിറ്റിയെ കൊണ്ടു അവനെ പിടിച്ചു പുറത്താക്കിച്ചു. അവന്‍ വീട്ടിലേക്കു നടന്നു. ആപ്പോഴും അവന്‍റെ മനസ്സില്‍ ആ ചോദ്യം മുഴങ്ങി കൊണ്ടിരുന്നു - "ആരാണീ ബെര്‍ളി?"

ഒരു വിധത്തില്‍ രാജുമോന്‍ നടന്നു വീട്ടിലെത്തി. വിഷമിച്ചു വരുന്ന രാജുമോനെ കണ്ട് അവന്‍റെ അച്ഛന്‍ കാര്യം തിരക്കി. "ബെര്‍ളി ആരാണെന്നറിയാതതുകൊണ്ടു എന്നെ സ്കൂളീന്നു ഇരക്കി വിട്ടു" എന്നു രാജുമോന്‍ പറഞ്ഞു. ഇതു കേട്ടതും അച്ഛന്‍റെ ഭാവം മാറി. "നിനക്കു ബെര്‍ളി ആരാണെന്നറിയില്ലെ?" അയാള്‍ അലറി. രാജു മോന്‍ വീണ്ടും ഞെട്ടി. "ഇറങ്ങി പോടാ ഇവിടുന്നു;ബെര്‍ളി ആരാണെന്നു അറിഞ്ഞിട്ടു മതി ഇനി നി ഇങ്ങോട്ടു വരുന്നത്" അച്ഛന്‍ വീണ്ടും അലറി. ദേഷ്യവും സങ്കടവുമൊക്കെ ഉള്ളിലൊതുക്കി രാജുമോന്‍ വീട്ടീന്നിറങ്ങി നടന്നു.. അങ്ങനെ വിഷമിച്ചു നടന്നു പൊകുംബോള്‍ ഒരു കാര്‍ വന്നു അരികില്‍ നിര്‍ത്തി. അതില്‍ നിന്നു ഇറങ്ങിയ ആളെ രാജു മോന്‍ സൂക്ഷിച്ചു നോക്കി - ഇന്ത്യന്‍ പ്രധാനമന്ത്രി! അദ്ദേഹം കാര്യം തിരക്കി. ബെര്‍ളി ആരാണെന്നറിയാത്തതു മൂലം തനിക്കുണ്ടായ പ്രശ്നങ്ങള്‍ രാജു മോന്‍ പറഞ്ഞു കേള്‍പ്പിച്ചു. കേട്ട പാടെ പ്രധാന്മന്ത്രിയുടെ ഭാവം മാറി. ദേഷ്യം കാരണം അദ്ദേഹം വിറക്കുന്നുണ്ടായിരുന്നു.. രാജുമോന്‍ വീണ്ടും പേടിച്ചു. ഇനി നിന്നെ ഈ രാജ്യത്തു കണ്ടു പോകരുതു. ഇതും പറഞ്ഞു, കൂടെ ഉണ്ടായിരുന്ന ബ്ലാക് ക്യാറ്റ്സിനെ കൊണ്ട് രാജു മോനെ തൂക്കി എടുത്തു ഇന്ത്യ-പാകിസ്താന്‍ ബോര്‍ഡറില്‍ കൊണ്ടു പോയി വിടീപ്പിച്ചു.


പാവം രാജു മോന്‍ പാകിസ്താനിലൂടെ അലഞ്ഞു നടക്കുവാന്‍ തുടങ്ങി. അങ്ങനെ നടക്കുന്നതിനിടയില്‍ ഒരു ദിവസം റോഡ് സൈഡില്‍ അരോ "ബെര്‍ളി ബെര്‍ളി "എന്നു പറയുന്നതു കേട്ടു. അയാളോടു ചോദിച്ചാല്‍ ബെര്‍ളി ആരാണെന്നു അറിയാന്‍ കഴിയും എന്നു രാജുമോനു മനസ്സിലായി.. അവന്‍ അയാളുടെ അടുത്തേക്കു ഓടി.. പക്ഷെ റോഡില്‍ വെച്ചു ഒരു പാണ്ടി ലോറി അവനെ ഇടിച്ചു തെറിപ്പിച്ചു. അവന്‍ തല്‍ക്ഷണം മരിച്ചു..


ഇതാണു രാജു മോന്‍റെ കഥ. ഇനി ഒരു ചോദ്യം "വാട്ട് ഈസ് ദി മോറല്‍ ഓഫ് ദിസ് സ്റ്റോറി?"
ആലോചിച്ചു പറയൂ....



"റോഡ് മുറിച്ചു കടക്കുംബോള്‍ ഇടത്തോട്ടും വലത്തോട്ടും നോക്കി വണ്ടി ഇല്ലന്നുറപ്പു വരുത്തണം" :-)

Saturday, April 5, 2008

ഈ ഓട്ടമൊന്നു തീര്‍ന്നിരുന്നെങ്കില്‍...

നമ്മള്‍ ജോലി ചെയ്യുന്നതു 3 കാര്യങ്ങള്‍ക്കു വേണ്ടിയാണു - മണി, പൊസിഷന്‍,സാറ്റിസ്ഫാക്‌ഷന്‍. പണത്തിനു മീതെ പരുന്തും പറക്കില്ല എന്നാണല്ലൊ. അതു കൊണ്ട് ഒന്നാം സ്ഥാനം പണത്തിനു തന്നെ. കൂടുതല്‍ പണം കിട്ടുന്നതനുസരിച്ചു മിക്കവരും ജോലി മാറി കൊണ്ടിരിക്കും. ചിലര്‍ക്കു പൊസിഷനാണു വലുത്‌. അവര്‍ കുറെ നാള്‍ ഒരേ സ്ഥലത്തു ജോലി ചെയ്തു നല്ല പൊസിഷന്‍ ഒപ്പിക്കാന്‍ ശ്രമിക്കും. ചുരുക്കം ചിലര്‍ മാത്രം താന്‍ ചെയ്യുന്ന ജോലി ഇഷ്ടപെട്ടാല്‍ മാത്രമെ ചെയ്യുള്ളു എന്നു വാശി പിടിക്കും. ഇക്കൂട്ടര്‍ക്കു പണവും പൊസിഷനും ഇഷ്ടമാണെങ്കിലും ഇഷ്ടപെട്ട ജോലിക്കു വേണ്ടി അവ ഉപേക്ഷിക്കാനും തയ്യാറാകും.
പൊസിഷന്‍ കൂടുന്നതനുസരിച്ചു പണവും കൂടിക്കൊണ്ടിരിക്കും - ആവശ്യങ്ങളും. അതൊരിക്കലും തീരുകയുമില്ല. മാസം പതിനായിരം രൂപ കയ്യില്‍ കിട്ടിയിരുന്നപ്പോള്‍ ഒരു പരിഭവവും ഇല്ലാതെ ജീവിച്ചിരുന്ന ആള്‍ക്കു വര്‍ഷങ്ങള്‍ക്കു ശേഷം അഞ്‌ചിരട്ടി കിട്ടിയിട്ടും തികയുന്നില്ല എന്ന പരാതി മാത്രം.



ആദ്യത്തെ രണ്ടു കൂട്ടരെ സൂക്ഷിക്കണം.ആരെ ചവിട്ടി താഴ്തിയിട്ടാണെങ്കിലും എനിക്കു പ്രൊമോഷന്‍ കിട്ടണം എന്ന മനോഭാവമുള്ളവര്‍ ഇക്കൂട്ടര്‍ക്കിടയില്‍ കണ്ടേക്കാം. ആരെങ്കിലും ഒരു ചെറിയ തെറ്റു വരുത്തിയാല്‍ അതു ഊതിപെരുപ്പിച്ചു മഹാസംഭവമാക്കി മാനേജറുടെ ചെവിയിലെത്തിക്കുക എന്നുള്ളതു ഇവരുടെ ഹോബിയാണു. സ്വയം വരുത്തുന്ന തെറ്റുകള്‍ മറ്റുള്ളവരുടെ തലയിലേക്കു ചാര്‍ത്തുവാനും ഇവര്‍ ബഹു മിടുക്കര്‍ തന്നെ.വിഷമം പിടിച്ച പണികള്‍ വേറെ ആര്‍ക്കെങ്കിലും അസ്സൈന്‍ ചെയ്യുക; തീര്‍ന്നു കഴിഞ്ഞാല്‍ അതിനുള്ള മെയില്‍ സ്വയം അയക്കുക - ആരു ചെയ്താലും ക്രെഡിറ്റ് എനിക്കു വേണമല്ലൊ! എന്നാല്‍ ചെയ്തതില്‍ ഗുരുതരമായ തെറ്റുണ്ടെങ്കില്‍ "ഇതു ഞാനല്ല അവനാ ചെയ്തതു" എന്നു സ്കൂള്‍ കുട്ടികളെ പോലെ പറഞ്ഞു ഒഴിയുക എന്ന ഒരു പതിനെട്ടാമത്തെ അടവും ഇവര്‍ നന്നായി പയറ്റും.



ഇതൊക്കെ എന്തിനാ ഞാനിവിടെ എഴുതുന്നതു? ഒരു ശനിയാഴ്‌ച്ച കൂടി ഓഫീസിലേക്കു വരേണ്ടി വന്നതിലുള്ള ദേഷ്യവും വിഷമവും :-(
വരാതിരിക്കാന്‍ പറ്റില്ലല്ലൊ, ചെയ്യുന്ന ജോലി ഇഷ്ടമില്ലെങ്കിലും...


ജീവിതം ഒഴുക്കില്‍ പെട്ടു പോയിരിക്കുന്നു. ഒഴുക്കിനെതിരെ പോകാന്‍ ശ്രമിക്കുന്നുണ്ട്, കഴിയുന്നില്ല. ഇതെവിടെ ചെന്നവസാനിക്കുമൊ ആവൊ?കാശുണ്ടാകാനുള്ള ഓട്ടത്തിനിടയില്‍ പലതും മറന്നു; അല്ല മറക്കുന്നു. പല തീരുമാനങ്ങളും പിഴയ്ക്കുന്നു.. ഓട്ടം നിര്‍ത്തി ഒന്നു തിരിഞ്ഞു നോക്കണമെന്നുണ്ട്‌- പക്ഷെ സാധിക്കില്ല.. നിന്നാല്‍ പിന്നാലെ വരുന്നവന്‍ ഇടിച്ചിട്ടു പോകും. പിന്നെ ഒരു പക്ഷെ ഈ വഴി ഓടാന്‍ പറ്റിയെന്നു വരില്ല.
ഈ ഓട്ടമൊന്നു തീര്‍ന്നിരുന്നെങ്കില്‍....