Even the life that you have is borrowed, Coz you r not promised tomorrow..

Friday, March 28, 2008

ഒരു പെണ്ണു കാണല്‍

അങ്ങനെ കാത്തിരുന്ന ഈസ്റ്റര്‍ വന്നെത്തി. ദുഃഖവെള്ളിയാഴ്‌ച്ച പള്ളിയില്‍ പോയി ക്രിസ്ത്തുവിനെ അടക്കിയതാണു, പക്ഷെ ഉയര്‍പ്പിക്കാന്‍ പോയില്ല.. വെളുപ്പിനെ 2:30 ക്കു പള്ളിയില്‍ പോകണമെന്നുണ്ടായിരുന്നെങ്കിലും 2:30നു ഞാന്‍ എഴുന്നേറ്റപ്പോള്‍ ക്ലോക്കില്‍ 9:30 ആയിരുന്നു.. യാത്രാക്ഷീണമെന്നു കരുതി വീട്ടുകാരും വിളിച്ചില്ല..

അങ്ങനെ പാതി ഉറക്കത്തില്‍ താഴേക്കു ഇറങ്ങി ചെന്നപ്പോള്‍ അവിടെ യാത്രക്കുള്ള തയാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞു. യാത്രയെന്നു പറഞ്ഞാല്‍ ഒരു ചെറിയ യാത്ര - ഇരിട്ടി വരെ , വേറൊന്നിനുമല്ല.. ഒരു പെണ്ണു കാണല്‍ ചടങ്ങ്‌.. പിന്നെ താമസിച്ചില്ല, വേഗം കുളിച്ചൊരുങ്ങി, രണ്ടു മൂന്നു ഷര്‍ട്ടും പാന്‍റുമൊക്കെ എടുത്തു പെട്ടിയില്‍ വെച്ചു. അപ്പോളെക്കും അങ്കിളും, ആന്‍റീമൊക്കെ എത്തിയിരുന്നു. പിന്നെ അധികം താമസിചില്ല.. കുട്ടനാട്ടിലെ പാടങ്ങള്‍ക്കു നടുവിലൂടെ, നേരെ മലബാറിലേക്കു ഒരു ക്വാളിസ് കുതിച്ചു പാഞ്ഞു. ഇടക്കെപ്പോളൊ കോഴിക്കോട്ടു കഴിക്കാന്‍ നിര്‍ത്തിയതു ഓര്‍മയുണ്ടു, പിന്നെ ബോധം വന്നപ്പോള്‍ തലശ്ശേരി എത്തിയിരുന്നു.ഏകദേശം 400 കി.മി അപ്പൊ തന്നെ കഴിഞിരുന്നു. ഇനിയും കുറെ ദൂരം പോകെണമത്രെ.. തലശ്ശേരി തൊട്ട്‌ ഓരോ കി.മി. കഴിയുംബോളും ഒരു പോലീസ്‌ ജീപ്പെങ്കിലും കാണാന്‍ കഴിഞ്ഞിരുന്നു. കണ്ണൂര്‍ തലശ്ശേരി എന്നൊക്കെ കേള്‍ക്കുംബോളെ വടിവാളും, ബോംബുമൊക്കെ ആണു ഓര്‍മ്മ വരുന്നതു.ചെറിയ ഒരു പേടി തോന്നാതിരുന്നില്ല.

സമയം രാത്രി 11:30 കഴിഞു. വഴി ചോദിക്കാന്‍ റോഡിലാരെയും കാണുന്നുമില്ല.. അവസാനം ഒരു തട്ടു കട കണ്ടു. അവിടെ ഇറങ്ങി ഒരു കട്ടന്‍ ചായയും കുടിച്ച് ചേട്ടനോടു ഇരിട്ടിക്കുള്ള വഴി ചോദിച്ചു - ആദ്യം തന്നെ അടിമുടി ഒരു നോട്ടം.. പിന്നെ കുറെ ചോദ്യങ്ങളും - എവിടുന്നാ? എന്തിനാ ഇരിട്ടിയിലേക്കു പോകുന്നെ? ആരെ കാണാനാ? ഇത്തിരി ഉറക്കെ ചോദിച്ചതിനാല്‍ അവിടെ ഉണ്ടായിരുന്നവരെല്ലാം ഞങ്ങളെ സൂക്ഷിച്ചു നോക്കി "ചേട്ട അവഴി പറഞ്ഞില്ലെങ്കിലും സാരമില്ല.. വെട്ടരുതു.. ഞങ്ങള്‍ തിരിച്ചു പൊയികോളാം" എന്നു പറയണമെന്നുണ്ടായിരുന്നു... പക്ഷെ പറഞില്ല.. ഉള്ള സത്യമൊക്കെ പറഞ്ഞപ്പോള്‍ ചേട്ടന്‍ വഴി ഒക്കെ പറഞ്ഞു.. അവസാനം മുറി ബുക്ക്‌ ചെയ്ത ഹോട്ടലിലെത്തിയപ്പോള്‍ 1:00 മണി ആകാറായി. പിന്നെ കിടന്നു സമാധാനമായി ഉറങ്ങി..
രാവിലെ എഴുന്നേറ്റ ഉടനെ, മൂന്നു ഷര്‍ട്ടില്‍ ഏതു ഇടും എന്നതിനെ പറ്റി ഒരു വന്‍ ചര്‍ച്ച നടത്തേണ്ടി വന്നു. കറുത്തതിട്ടാല്‍ ശരിയാവില്ലെന്ന ആന്‍റിയുടെ അഭിപ്രായവും, വെള്ള ഇട്ടാല്‍ ഇന്‍റര്‍വ്യുവിനു പോകുന്നതുപോലെ ഇരിക്കുമെന്ന അങ്കിളിന്‍റെ അഭിപ്രായവും മാനിച്ചു ഞാന്‍ നീല ഷര്‍ട്ടിടാന്‍ തീരുമാനിച്ചു. പാന്‍റിന്‍റെ കാര്യത്തില്‍ വലിയ പ്രശ്‌നമില്ലയിരുന്നു - കാരണം ഒരെണ്ണമെ എടുത്തിട്ടുണ്ടായിരുന്നുള്ളു!

അങ്ങനെ കുളിച്ചു മുടി ഒക്കെ ഒതുക്കി ചീകി, പെര്‍ഫ്യുമൊക്കെ അടിച്ചു പെണ്ണിന്‍റെ വീട്ടിലേക്കു യാത്ര ആരംഭിച്ചു. പോകുന്ന വഴിക്കു ഒരു ബോര്‍ഡ് കണ്ടു - "ആറളം ഫാം - 4 K.M". എവിടെയോ കേട്ടിട്ടുണ്ട്‌ ,ആരുടെയോ ബ്ലോഗിലാണ്.. ആരുടെയാണെന്നു ഒരു പിടിയും കിട്ടുന്നില്ല. കുറെ ആലോചിച്ചു, അവസാനം അലോചിച്ചാലോചിച്ചു വീടെത്തി.

വീട്ടിലെത്തിയപ്പോള്‍ തന്നെ അതുവരെ ഉണ്ടായിരുന്ന ആവേശമൊക്കെ പോയി. കുറെ കണ്ണുകള്‍ ഇങ്ങോട്ടു തന്നെ സൂക്ഷിച്ചു നോക്കുന്നു.. എന്തൊ അദ്‌ഭുതം കണ്ടതു പോലെ പരസ്‌പരം എന്തൊക്കെയൊ പറയുന്നു.. ഞാന്‍ ആകെ ഒരു ചമ്മിയ മുഖവുമായി പതിയെ ബാക്കി ഉള്ളവരുടെ പിന്നാലെ നടന്നു..
പിന്നീടു സാധാരണ കാണാറുള്ളതു പോലെ എല്ലാവരും ഇരുന്നു വിശേഷങ്ങള്‍ പറയുന്നു..
പക്ഷെ എത്ര കഴിഞ്ഞിട്ടും നമ്രശിരസ്‌കയായി(ഇതിന്‍റെ അര്‍ത്ഥമെന്താണൊ എന്തൊ!), കാലുകൊണ്ടു കളമൊക്കെ വരച്ചു ചായയുമായി നില്‍ക്കുന്ന പെണ്ണിനെ മാത്രം കണ്ടില്ല!

ഞാന്‍ തിരയുന്നതു കണ്ടിട്ടാവണം പെണ്ണിന്‍റെ അമ്മ വന്നു എല്ലാവരെയും കാപ്പി കുടിക്കാന്‍ അകത്തേക്കു ക്ഷണിച്ചു. അങ്ങനെ കാപ്പിയും കുടിച്ചു, പെണ്ണിനെയും കണ്ടു. "ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കെണമെങ്കില്‍..." എന്നൊന്നും ആരും പറഞ്ഞില്ല.. മുകളിലത്തെ മുറികളൊക്കെ കാണിക്കാമെന്നു പറഞ്ഞു അവളാണു വിളിച്ചതു.. മുറി ഒക്കെ കണ്ടു കഴിഞ്ഞു.. ഇനി എന്തെങ്കിലും ചോദിക്കെണമല്ലൊ എന്നു കരുതി ഞാന്‍ വളരെ ഭവ്യതയോടുകൂടി , സീരിയസ്സായി ചോദിച്ചു.. "മുറ്റത്തു കിടക്കുന്ന പുതിയ കാര്‍ എനിക്കായിരിക്കും അല്ലെ? "
"അതേടാ , ഇപ്പൊ തരാമെടാ" എന്നു മറുപടി കിട്ടി!



"ഏകദേശം 6 വര്‍ഷം പ്രണയിച്ച ശേഷം പെണ്ണു കാണാന്‍ എന്നു പറഞ്ഞു ചെന്നിട്ടു കാറു എനിക്കല്ലിയോ എന്നു ചോദിക്കുംബോള്‍ അവളിതു പറഞ്ഞില്ലെങ്കിലെ അദ്‌ഭുതമുള്ളു".

7 comments:

ദിലീപ് വിശ്വനാഥ് said...

ഹഹഹ.. ഇത്തരം ഒരു ക്ലൈമാക്സ് തീരെ പ്രതീക്ഷിച്ചില്ല കേട്ടോ.
കലക്കി. എന്നിട്ട് എന്നാ കല്യാണം?

ധനേഷ് said...

ക്ളൈമാക്സ് തികച്ചും അപ്രതീക്ഷിതമായിരുനു..
കൊള്ളാം .. വെറുതെ പലതും സം ഭവിക്കുമെന്നു പ്രതീക്ഷിച്ചുവായിച്ച്‌ ഒടുക്കം വടിയായെങ്കിലും , ഇഷ്ടപ്പെട്ടു...

Sherlock said...

പ്രതീ‍ക്ഷിക്കാത്ത അവസാനം...നന്നായീ :)

ശ്രീവല്ലഭന്‍. said...

അപ്പം കാര്‍ ആര്‍ക്കാ? :-) വെറുതെ ഒന്ന് അറിഞ്ഞിരിക്കാമെന്നു വിചാരിച്ചു :-)

മുന്‍കൂര്‍ വിവാഹ ആശംസകള്‍ !

sv said...

അതു കലക്കി...


നന്മകള്‍ നേരുന്നു

nedfrine | നെഡ്ഫ്രിന്‍ said...

വാല്‍മീകി,
കല്യാണം ഉടനെ ഉണ്ടാവും, തിയതി നിശ്‌ചയിക്കുംബോള്‍ അറിയിക്കാം :)

ശ്രീ,
കാറിന്‍റെ കാര്യം ഇതുവരെ തീരുമാനമായില്ല :)

ധനേഷ്,ജിഹേഷ്,SV - കമന്‍റിനു നന്ദി.

വിനയന്‍ said...

സൂപ്പര്‍........ :)

പെണ്ണുകാണല്‍ എന്ന തലക്കെട്ട് കണുമ്പോഴേ എനിക്ക് ചിരി പൊട്ടും.കാരണം പെണ്ണുകാണല്‍ എപ്പ്പോഴും രസകരങ്ങളായ മുഹൂര്‍ത്തങ്ങളാണല്ലോ.ക്ലൈമാക്സ് ശരിക്കും സൂപ്പറായി.

നന്ദി