Even the life that you have is borrowed, Coz you r not promised tomorrow..

Friday, May 7, 2010

ഇങ്ങനെയും ഒരു ഷോപ്പിംഗ്‌ !

"ഒന്നെഴുന്നെല്‍ക്കുന്നുണ്ടോ , അവര് വന്നു! " ഭാര്യയുടെ രൌദ്ര ഭാവം കണ്ണ് തുറന്നപ്പോള്‍ തന്നെ കണ്ടു.
"കാലിഫോര്നിയയിലേക്ക് പ്ലെയിന്‍ കയറാന് പോയതാണല്ലോ ഞാന്‍ , നീ എങ്ങനെ ഇവിടെ വന്നു? " ബോധം ശരിക്കങ്ങോട്ട് വന്നില്ല..
"കാലിഫോര്‍ണിയ, മണ്ണാങ്കട്ട! , അവര് കലാശിപാളയത്ത് വന്നു നില്‍പ്പുണ്ട് , പോയി വിളിച്ചോണ്ട് വാ ! ഓരോ സ്വപ്നവും കണ്ടു പോത്ത് പോലെ കിടന്നുറങ്ങികോളും" - നല്ല ചൂടിലാ, പാവം ഞാന്‍ - പെട്ടന്ന് ബോധമൊക്കെ വന്നു.

"oh എന്റെ ഗ്രേറ്റ്‌ father-in-law എത്തിയോ?"
"എത്തുന്നതിനു മുന്നേ വിളിക്കാന്‍ പറഞ്ഞതാണല്ലോ.. " ഞാന്‍ പാതി ചോദ്യ ഭാവത്തില്‍ ഒരു കൈ നോക്കി
"എന്നെ കൊണ്ടൊന്നും പറയിക്കരുത്‌ - അര മണിക്കൂറായി വിളിക്കുന്നു, അതെങ്ങനാ അന്നേരം പ്ലെയിനേല്‍ അല്ലായിരുന്നോ!" ഹോ , അത് ചീറ്റി.
ഞാന്‍ പതുക്കെ കട്ടിലെന്നെഴുന്നേറ്റു - ജീന്‍സും ഷര്‍ട്ടും അന്വേഷിച്ചു എന്റെ കണ്ണുകള്‍ ഒരു സര്‍വേ നടത്തി.
" ആ പുതപ്പു മടക്കി ഇടാന്‍ ഇനി വേറെ വല്ലവരും വരുമോ? ഞാന്‍ ഇവിടുത്തെ വെലക്കാരിയോന്നുമല്ല!" ദൈവമേ ഇവള് രണ്ടും കല്പിച്ചാ!
"ഞാന്‍ എപ്പോളെ പുതപ്പു മടക്കി വെച്ച്!" ആരോഗ്യം നമ്മള്‍ നോക്കെണമല്ലോ!


രാവിലെ ഭര്‍ത്താവിനെ ഉറക്കത്തില്‍നിന്നും വിളിച്ചുണര്‍ത്തി കട്ടന്‍‍ ചായക്ക്‌ പകരം കട്ട തെറി തരുന്നത് ശരിയല്ല എന്നൊക്കെ പറയണമെന്നുണ്ടെങ്കിലും ഒന്നും മിണ്ടിയില്ല - ഏയ് പേടി ഉണ്ടായിട്ടൊന്നുമല്ല, വെറുതെ എന്തിനാ പട്ടിണി കിടക്കുന്നെ എന്ന് വിചാരിച്ചിട്ട!

അങ്ങനെ ആദ്യം തടഞ്ഞ ഒരു ജീന്‍സും ഷര്‍ട്ടും ഒക്കെ ഇട്ടു ഞാന്‍ പോകാന്‍‍ ഇറങ്ങി .
"മുഖം എങ്കിലും ഒന്ന് വെള്ളം നനചേച്ചു പോ - ഉപയോഗിക്കാണ്ടിരുന്ന ആ ബ്രഷെടുത്ത് ഞാന്‍ കളഞ്ഞു!" അവള്‍ വീണ്ടും കുത്തി!

ഞാന്‍ ഒന്നും പറയാന്‍ നിന്നില്ല.. ബൈക്ക് എടുത്തു father-in-law യെ കൂട്ടാന്‍ പുറപ്പെട്ടു.


കലാശിപാളയത്തെ എല്ലാ ട്രാവെല്‍സിന്റെ മുന്നിലും ഞാന്‍ പ്രതീക്ഷയോടു വണ്ടി നിര്‍ത്തി- എങ്ങും കണ്ടില്ല ..

ഇനി താമസിച്ചത് കൊണ്ട് വെല്ല കടുംകയ്യും കാണിച്ചോ? - ഓട്ടോകാര് ചോദിച്ച കാശുകൊടുത്തു അതില്‍ കയറിയോ എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്..

കുറച്ചു നേരം നടന്നു കഴിഞ്ഞപ്പോള്‍ ഒരു സൈഡില്‍ പത്രം വായിച്ചു നില്‍ക്കുന്ന അമ്മായിഅപ്പനെ കിട്ടി ..

ഞാന്‍ മുന്നില്‍ ചെന്ന് ഹെല്‍മെറ്റ്‌ ഊരി- ആളൊന്നു ഞെട്ടിയോ?!

ഇവന് തന്നെ ആണോ എന്റെ മകളെ കെട്ടിച്ചു കൊടുത്തത്? എന്ന് ആലോചിക്കാന്‍ ഉള്ള സമയം കൊടുക്കാതെ ഞാന്‍ ഹെഡ് ചെയ്തു -

യാത്രയൊക്കെ സുഘമായിരുന്നല്ലോ? "അതെ"

"നീ എന്താ ഇങ്ങനെ താടിയും മുടിയുമൊക്കെ വളര്‍ത്തി? " - "ഓ ഒന്നുമില്ല.. വെറുതെ ഒന്ന് 'ബുജി' ആകാന്‍ ശ്രമിച്ചതാ!"
ചോദ്യോത്തര പംക്തി ഇനിയും നീണ്ടാല്‍ എന്റെ പല കാര്യങ്ങളും ചോദ്യം ചെയ്യപ്പെടും എന്നുള്ളത് കൊണ്ട് ഞാന്‍ റൂട്ട് മാറി.

ഇനി ആണ് പ്രധാന ഐറ്റം - 'ഓട്ടോ പിടിത്തം!' ..
നമ്മള്‍ പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ല - നിന്ന് കൊടുത്താല്‍ മതി , അവര് വന്നു പിടിച്ചോളും!
കുറെ പേര്‍ ചുറ്റും ഉണ്ട് - ആദ്യത്തെ ആളെ ഒന്ന് നോക്കി - പൈസയെ വേണ്ട ഫ്രീ ആയിട്ട് കൊണ്ട് വിടാം എന്നാ മുഖഭാവം !

"ഇന്ദിര നഗര്‍ ? " അയാളോട് ചോദിച്ചു
"200 സര്‍ " - ഉടനടി മറുപടി വന്നു !
അങ്ങനെ 'സര്‍ ' എന്നൊന്നും വിളിച്ചാല്‍ ഞാന്‍ വീഴില്ല മോനെ..

ഞാന്‍ തന്റെ ഓട്ടോയുടെ നമ്പര്‍ അല്ല ചോദിച്ചത് എന്ന് പറയേണം എന്നുണ്ടായിരുന്നു പക്ഷെ കന്നഡയില്‍ 'വീക്ക്‌' ആയതു കൊണ്ട് ചിലപ്പോള്‍ വീക്ക്‌ കിട്ടും!

പേശി പേശി 100 നു കച്ചവടമാക്കി .
അങ്ങനെ ബൈക്കിലും ഓട്ടോയിലും ആയി ഞങ്ങള്‍ വീട്ടില്‍ എത്തി. വീട്ടില്‍ എത്തിയപ്പോള്‍ പുട്ടും മുട്ട കറിയും ഒക്കെ റെഡി!
കുളിച്ചു ഫ്രഷ്‌ ആയി എല്ലാവരും ഭക്ഷണം ഒക്കെ കഴിച്ചു റസ്റ്റ്‌ എടുത്തു തുടങ്ങി .

ഇനിയുള്ള ഐറ്റം "ഷോപ്പിംഗ്‌" ആണ്.
"എടി , നിങ്ങള്‍ പോയിട്ട് വാ, ഞാന്‍ ഇവിടെ ഇരിക്കാം.. എല്ലാരും കൂടി പോകേണ്ട ആവശ്യം ഇല്ലല്ലോ . " ഞാന്‍ ഒരു ചെറിയ നമ്പരിട്ടു നോക്കി ..
"വേണ്ട , പോകണ്ട ഞാനും പോകുന്നില്ല.. അവര് തന്നെ പോയിട്ട് വരട്ടെ.. അല്ലെങ്കിലും എന്റെ വീട്ടീന്നാര് വന്നാലും പോയാലും ഇവിടെ ആര്‍ക്കുമൊന്നുമില്ലല്ലോ - ഞാന്‍ തന്നെ പോയി പറഞ്ഞേക്കാം വരുന്നില്ലാന്നു"- ശോ, അവള്‍ കുടുംബപരമായ സെന്റിമെന്റ്സിലേക്ക് പ്രശ്നം വളച്ചൊടിച്ചു.. ഇനി രക്ഷയില്ല..
"ശരി , നമുക്കെല്ലാവര്‍ക്കും കൂടി പോകാം. " ഞാന്‍ പറഞ്ഞു , അല്ല എന്നെ കൊണ്ടവള്‍ പറയിപ്പിച്ചു!

അങ്ങനെ വിശ്രമമൊക്കെ കഴിഞ്ഞു ഞങ്ങള്‍ എല്ലാവരും കൂടി ഷോപ്പിങ്ങിനു ഇറങ്ങി -
പോകുന്ന വഴി വെറുതെ എന്തെങ്ങിലും പറയണമല്ലോ എന്നോര്‍ത്ത് ഞാന്‍ വെറുതെ ചോദിച്ചു - "നമ്മള്‍ എന്താണ് മെയിന്‍ ആയിട്ട് വാങ്ങാന്‍ ഉദേശിക്കുന്നത് ?"
"ഉലക്കേടെ മൂട് !" ദൈവമെ ഇവളിപ്പോളും ചൂടിലാണോ?
"ഇന്നലെ കിടക്കുന്നതിനു മുന്നേ എല്ലാം കൃത്യമായി പറഞ്ഞതാ - എന്നിട്ടിപോ പിന്നെയും ചോദിക്കുനന്തു കണ്ടില്ലേ.. കുറച്ചെങ്കിലും ഉത്തരവാദിത്തം വേണം!" ദേ കിടക്കണ് എന്റെ മാനം താഴെ ...
"എന്റെ മകള് പറഞ്ഞ ആ സാധനം കുറച്ചെങ്ങിലും ഉണ്ടോടെ ?" എന്നാ ഭാവത്തില്‍ ഒരു നോട്ടം എന്റെ നേരെ വരുന്നത് ഞാന്‍ കണ്ടു..
"പിന്നെ.., അതൊക്കെ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ എവിടെ എത്തിയേനെ " എന്ന ഒരു ഭാവത്തില്‍ ഞാനും ഇരുന്നു !
ഇനിയിപ്പോള്‍ ഒന്നും പറയണ്ട ആവശ്യമില്ല..

ഓര്‍മയിലെ ഷോപ്പിംഗ്‌ ലിസ്റ്റുകളില്‍ പരതിയപ്പോള്‍ എല്ലാം വ്യക്തം - ഇന്നലെ അവള്‍ പറഞ്ഞതായിരുന്നു .. കര്‍ട്ടന്‍ ഫിറ്റിങ്ങ്സ് ആണ് മെയിന്‍.
ഒരു കര്‍ട്ടന്‍ ഇടാന്‍ ഇതിനുമാത്രം എന്ത് ഫിറ്റിങ്ങ്സ് എന്ന എന്റെ ചിന്തയെ തട്ടി തെറിപ്പിച്ചു കൊണ്ട് ഓട്ടോ ബ്രേക്കിട്ടു.

അങ്ങനെ ടിപ്പസാന്ദ്ര മെയിന്‍ റോഡില്‍ വണ്ടി ഇറങ്ങി. റോഡിനു രണ്ട് സൈഡിലും ഹാര്‍ഡ്‌വെയര്‍ കടകള്‍ ഇഷ്ടം പോലെ .. ആദ്യത്തെ കടയില്‍ കയറി.. അമ്മയും മകളും കാര്യമായി വേണ്ട സാധനങ്ങളുടെ വലിപ്പവും,കളറും ഒക്കെ കടക്കാരനെ പറഞ്ഞു ബോധ്യപ്പെടുത്തുന്നു. ഞങ്ങള്‍ രണ്ടു പേരും ഇടയ്ക്കു പുറത്തേക്കു നോക്കിയും , ഇടയ്ക്കു "ഇതെങ്ങനെ ഉണ്ട് ?" എന്ന ചോദ്യത്തിന് "ഇത് കൊള്ളാം ! " "പക്ഷെ ഇത് മുറ്റായിരിക്കും " എന്നൊക്കെ പറഞ്ഞു സമയം കളഞ്ഞു. ആദ്യത്തെ കടയില്‍ ഒന്നും ഇഷ്ടപെട്ടില്ല .. രണ്ടാമത്തെ കടയില്‍ വില കൂടതലാണ് , മൂന്നാമത്തെ കടയില്‍ എല്ലാം ഡ്യൂപ്ലിക്കേറ്റ്‌ ആണ് .. നാലാമത്തെ കടയില്‍ കടക്കാരന് മലയാളം അറിയാം തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞു സാധനം ഒന്നും വാങ്ങിയില്ല.

അവര്‍ വീണ്ടും അടുത്ത കട തപ്പി വളരെ ഉത്സാഹത്തോടെ മുന്നോട്ടു നടക്കുകയാണ് .ഞാനും father-in-law ഉം പതുക്കെ പുറകെ നടന്നു.

അടുത്ത കടയില്‍ കയറി .. സാധനങ്ങളൊക്കെ മേശമേല്‍ നിരന്നു.. ഓരോന്നും എടുത്തു നോക്കി എന്തൊക്കെയോ കാരണം പറഞ്ഞു തിരികെ വെക്കുന്നു .. 5 മിനിറ്റ് കഴിഞ്ഞു ഞാന്‍ പതിയെ പുറത്തേക്കിറങ്ങി .. നോക്കുമ്പോള്‍ ഭാര്യാപിതാവും പുറത്തേക്കു വരുന്നു ..
കുറച്ചു നേരം തെക്ക് വടക്ക് നോക്കി നിന്നു..
അത് കഴിഞ്ഞു പതുക്കെ ഒന്ന് നെടുവീര്പെട്ടുകൊണ്ട് - "No grass will walk "
"ങേ ? എന്നുവച്ചാല്‍" - ഞാന്‍ ചോദിച്ചു ..
അകത്തേക്ക് നോക്കി - "ഒരു പുല്ലും നടക്കാന്‍ പോണില്ല !"

"കൊള്ളാം ! ഇനി വേറെ ഉണ്ടോ? "
"no hands and mathematics !" "oh , ഒരു കയ്യും കണക്കുമില്ലെന്നു"

ഞങ്ങള്‍ പതുക്കെ അടുത്ത കടയിലേക്ക് നീങ്ങി. !

7 comments:

ഒഴാക്കന്‍. said...

kollam, climax onnu polippikaamayirunnu :)

ശ്രീ said...

"No Grass will walk" ഇതാദ്യമായാണ് കേള്‍ക്കുന്നത്.

അങ്ങനെ സ്ത്രീജനങ്ങള്‍ ഷോപ്പിങ്ങ് തുടങ്ങിയതു കാരണം അമ്മായി അപ്പനും മരുമോനും കമ്പനിയായി ല്ലേ? :)

എന്നിട്ട് അവസാനം വല്ലതും നടന്നോ?

ഹരി.... said...

"No Grass will walk" ഇതാദ്യമായാണ് കേള്‍ക്കുന്നത്.

ഇത് കലക്കി............ട്ടോ..

Anonymous said...

first allow me to read ya"katha"

Anonymous said...

loose smthin to gain smthin
gud luck

ഐക്കരപ്പടിയന്‍ said...

ഇപ്പോള്‍ അമ്മായിയപ്പന് മനസ്സിലായിക്കാണും, തന്നെപ്പോലെ എന്ത് കൊണ്ടാണ് മരുമകനും ഇങ്ങനെയൊക്കെ ആയിപ്പോയതെന്നു..ഭാര്യയെ കൊണ്ട്...
ഹാസ്യം കലക്കി കേട്ടോ..അടുത്തത്‌ വിടൂ..

പഞ്ചാരകുട്ടന്‍ -malarvadiclub said...

പുതിയ പോസ്റ്റിനായി കാത്തിരിക്കുന്നു ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ