Even the life that you have is borrowed, Coz you r not promised tomorrow..

Saturday, April 5, 2008

ഈ ഓട്ടമൊന്നു തീര്‍ന്നിരുന്നെങ്കില്‍...

നമ്മള്‍ ജോലി ചെയ്യുന്നതു 3 കാര്യങ്ങള്‍ക്കു വേണ്ടിയാണു - മണി, പൊസിഷന്‍,സാറ്റിസ്ഫാക്‌ഷന്‍. പണത്തിനു മീതെ പരുന്തും പറക്കില്ല എന്നാണല്ലൊ. അതു കൊണ്ട് ഒന്നാം സ്ഥാനം പണത്തിനു തന്നെ. കൂടുതല്‍ പണം കിട്ടുന്നതനുസരിച്ചു മിക്കവരും ജോലി മാറി കൊണ്ടിരിക്കും. ചിലര്‍ക്കു പൊസിഷനാണു വലുത്‌. അവര്‍ കുറെ നാള്‍ ഒരേ സ്ഥലത്തു ജോലി ചെയ്തു നല്ല പൊസിഷന്‍ ഒപ്പിക്കാന്‍ ശ്രമിക്കും. ചുരുക്കം ചിലര്‍ മാത്രം താന്‍ ചെയ്യുന്ന ജോലി ഇഷ്ടപെട്ടാല്‍ മാത്രമെ ചെയ്യുള്ളു എന്നു വാശി പിടിക്കും. ഇക്കൂട്ടര്‍ക്കു പണവും പൊസിഷനും ഇഷ്ടമാണെങ്കിലും ഇഷ്ടപെട്ട ജോലിക്കു വേണ്ടി അവ ഉപേക്ഷിക്കാനും തയ്യാറാകും.
പൊസിഷന്‍ കൂടുന്നതനുസരിച്ചു പണവും കൂടിക്കൊണ്ടിരിക്കും - ആവശ്യങ്ങളും. അതൊരിക്കലും തീരുകയുമില്ല. മാസം പതിനായിരം രൂപ കയ്യില്‍ കിട്ടിയിരുന്നപ്പോള്‍ ഒരു പരിഭവവും ഇല്ലാതെ ജീവിച്ചിരുന്ന ആള്‍ക്കു വര്‍ഷങ്ങള്‍ക്കു ശേഷം അഞ്‌ചിരട്ടി കിട്ടിയിട്ടും തികയുന്നില്ല എന്ന പരാതി മാത്രം.



ആദ്യത്തെ രണ്ടു കൂട്ടരെ സൂക്ഷിക്കണം.ആരെ ചവിട്ടി താഴ്തിയിട്ടാണെങ്കിലും എനിക്കു പ്രൊമോഷന്‍ കിട്ടണം എന്ന മനോഭാവമുള്ളവര്‍ ഇക്കൂട്ടര്‍ക്കിടയില്‍ കണ്ടേക്കാം. ആരെങ്കിലും ഒരു ചെറിയ തെറ്റു വരുത്തിയാല്‍ അതു ഊതിപെരുപ്പിച്ചു മഹാസംഭവമാക്കി മാനേജറുടെ ചെവിയിലെത്തിക്കുക എന്നുള്ളതു ഇവരുടെ ഹോബിയാണു. സ്വയം വരുത്തുന്ന തെറ്റുകള്‍ മറ്റുള്ളവരുടെ തലയിലേക്കു ചാര്‍ത്തുവാനും ഇവര്‍ ബഹു മിടുക്കര്‍ തന്നെ.വിഷമം പിടിച്ച പണികള്‍ വേറെ ആര്‍ക്കെങ്കിലും അസ്സൈന്‍ ചെയ്യുക; തീര്‍ന്നു കഴിഞ്ഞാല്‍ അതിനുള്ള മെയില്‍ സ്വയം അയക്കുക - ആരു ചെയ്താലും ക്രെഡിറ്റ് എനിക്കു വേണമല്ലൊ! എന്നാല്‍ ചെയ്തതില്‍ ഗുരുതരമായ തെറ്റുണ്ടെങ്കില്‍ "ഇതു ഞാനല്ല അവനാ ചെയ്തതു" എന്നു സ്കൂള്‍ കുട്ടികളെ പോലെ പറഞ്ഞു ഒഴിയുക എന്ന ഒരു പതിനെട്ടാമത്തെ അടവും ഇവര്‍ നന്നായി പയറ്റും.



ഇതൊക്കെ എന്തിനാ ഞാനിവിടെ എഴുതുന്നതു? ഒരു ശനിയാഴ്‌ച്ച കൂടി ഓഫീസിലേക്കു വരേണ്ടി വന്നതിലുള്ള ദേഷ്യവും വിഷമവും :-(
വരാതിരിക്കാന്‍ പറ്റില്ലല്ലൊ, ചെയ്യുന്ന ജോലി ഇഷ്ടമില്ലെങ്കിലും...


ജീവിതം ഒഴുക്കില്‍ പെട്ടു പോയിരിക്കുന്നു. ഒഴുക്കിനെതിരെ പോകാന്‍ ശ്രമിക്കുന്നുണ്ട്, കഴിയുന്നില്ല. ഇതെവിടെ ചെന്നവസാനിക്കുമൊ ആവൊ?കാശുണ്ടാകാനുള്ള ഓട്ടത്തിനിടയില്‍ പലതും മറന്നു; അല്ല മറക്കുന്നു. പല തീരുമാനങ്ങളും പിഴയ്ക്കുന്നു.. ഓട്ടം നിര്‍ത്തി ഒന്നു തിരിഞ്ഞു നോക്കണമെന്നുണ്ട്‌- പക്ഷെ സാധിക്കില്ല.. നിന്നാല്‍ പിന്നാലെ വരുന്നവന്‍ ഇടിച്ചിട്ടു പോകും. പിന്നെ ഒരു പക്ഷെ ഈ വഴി ഓടാന്‍ പറ്റിയെന്നു വരില്ല.
ഈ ഓട്ടമൊന്നു തീര്‍ന്നിരുന്നെങ്കില്‍....

2 comments:

കൊച്ചുത്രേസ്യ said...

അവിടുത്തെ പോലെ തന്നെ ഇവിടെയും... ഒരു സൈഡിലേക്കു മാറി നിന്ന്‌ ഈ ഓട്ടം കണ്ടോണ്ടിരിക്കാന്‍ വല്ല വഴിയുമുണ്ടോന്നുള്ള ചിന്തയിലാണു ഞാന്‍ :-)

ശ്രീ said...

ഇതെല്ലാം ചേര്‍ന്നതല്ലേ നെഡ്‌ഫ്രിന്‍ ജീവിതം...?