Even the life that you have is borrowed, Coz you r not promised tomorrow..

Saturday, February 16, 2008

ക്രിക്കറ്റ് - ചില ചോദ്യങ്ങള്‍

"ക്രിക്കറ്റ് എന്നത് മതമാണെങ്കില്‍ സച്ചിന്‍ ദൈവമാണ്" - ഇതു ഗ്യാലറികളില്‍ കാണാന്‍ കഴിയുന്ന പല പോസ്റ്ററുകളില്‍ ഒരെണ്ണമാണ്. ഈ ഒരു വാക്യം കൊണ്ടു തന്നെ നാം ഇന്ത്യക്കാര്‍ ക്രികറ്റിനെയും കളിക്കാരെയും ഏതു രീതിയിലാണു കാണുന്നതെന്നു മനസ്സിലാക്കാം. ജയിച്ചു വന്നാല്‍ മാലയും തോറ്റു വന്നാല്‍ ചപ്പലും കല്ലേറും.. ഇതൊക്കെ നമ്മുടെ ആരധന കൊണ്ടു തന്നെ. ഈ കളിയെ ഒരു വന്‍ ബിസ്സിനസ്സായി വളര്‍ത്താന്‍ സഹായിച്ചതും ഈ ആരാധന തന്നെ.

ഇപ്പോള്‍ ഏറ്റവും പുതിയ പരീക്ഷണമാണു 20-20 ലീഗ്. ഐ.പി.എല്ലും ഐ.സി.എല്ലും ഇനി വരാനിരിക്കുന്ന എല്ലാ എല്ലും വന്‍ വിജയമാകുമെന്നതിനു ഒരു സംശയവുമില്ല.. എന്നാല്‍ ഈ പുതിയ ലീഗുകള്‍ കൊണ്ടുള്ള പ്രശ്നങ്ങള്‍ ചില്ലറയല്ല. ഇന്ത്യയെ ചെന്നൈയെന്നും, ഡെല്‍ഹിയെന്നും,മുംബൈയെന്നുമൊക്കെ വേര്‍തിരിച്ചുള്ള ഇത്തരം ലീഗുകള്‍ സാധാരണക്കാര്‍ എങ്ങനെ സ്വീകരിക്കും?

ക്രികറ്റ് കാണാന്‍ തുടങ്ങിയ സമയം മുതല്‍ സച്ചിന്‍ ഫോറടിക്കുന്നതു കണ്ടു കയ്യടിച്ചു ശീലിച്ച ഒരു സാധാരണ ഇന്ത്യന്‍ പൌരന്‍ ഇനിയും എന്തൊക്കെ കാണെണ്ടി വരും?
ചെന്നൈക്കു വേണ്ടി കളിക്കുന്ന ബ്രെറ്റ് ലീ മുംബൈക്കു കളിക്കുന്ന സച്ചിനെ ഔട്ട് ആക്കിയാല്‍ ചെന്നൈക്കാരന്‍ കയ്യടിച്ചു സന്തോഷിക്കുമൊ? തലേ ദിവസം ,സച്ചിന്‍ നെരത്തെ ഔട്ട് ആകണമെ എന്നു പ്രാര്‍ത്തിക്കുമൊ?

ദ്രാവിടും ഗാംഗുലിയുമൊക്കെ ഔട്ട് ആയാലും തങ്ങളുടെ ടീം ജയിക്കെണം എന്നവര്‍ക്കു ചിന്തിക്കാനാകുമൊ?
ഗില്‍ക്രിസ്റ്റ് സഹീറിനെ സിക്‌സടിച്ചിരുന്നെങ്കില്‍ എന്നു അവര്‍ സ്വപ്‌നത്തിലെങ്കിലും വിചാരിക്കുമൊ?

വര്‍ഷങ്ങളോളം ഇന്ത്യന്‍ കളിക്കാര്‍ക്കു വെണ്ടി മാത്രം പ്രാര്‍ത്തിച്ചിരുന്നവര്‍ ഇനി തങ്ങളുടെ ലോകല്‍ ടീമിനു വേണ്ടി അത്ര തന്നെ ആത്മാര്‍ഥതയോടെ , ആരാധനയോടെ കളി കാണാന്‍ ഇറങ്ങുമൊ?

ഇതൊക്കെ എന്‍റെ ചില മണ്ടന്‍ ചോദ്യങ്ങള്‍ മാത്രം.
ഇതു കൂടാതെ വെറെയും പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്.

കോടികള്‍ ആസ്ഥിയുള്ള ഇന്ത്യന്‍ ക്രികറ്റ് ബോര്‍ഡ് നല്‍കുന്ന പ്രതിഫലം പല കളിക്കാരുടെയും അന്താരാഷ്ട്ര കരിയര്‍ വെട്ടിച്ചുരുക്കാന്‍ സാധ്യതയുണ്ട്. വെറും 40 ദിവസം 20-20 കളിച്ചാല്‍ 2 വര്‍ഷം രാജ്യതിനു വേണ്ടി കളിക്കുന്നതിനെക്കള്‍ കാശുണ്ടാക്കാമെന്നു വന്നാല്‍ പലരും 30 വയസ്സാകുംബോള്‍ കളി നിര്‍ത്തി ഇന്ത്യന്‍ ലീഗിലേക്കു മാറാന്‍ ഉള്ള സാധ്യത തള്ളി കളയാനാവില്ല.

ഇതും എന്‍റെ വെറും ഊഹം മാത്രം. എല്ലാം കാത്തിരുന്നു തന്നെ കാണാം.

9 comments:

Unknown said...

ലോക്കല്‍ ടീമില്‍ സിംബാബ്വേക്കാരും സൌത്താഫ്രിക്കക്കാരും കളിയ്ക്കുമ്പോള്‍ ഏത് ചെന്നൈക്കാരനും ബാംഗ്ലൂരുകാരനുമാണ് അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിയ്ക്കാന്‍ പോകുന്നത്? ഇത് വെറും സിനിമ പോലെയുള്ള എന്റര്‍ടെയിന്മെന്റാണ്. അതിന്റെ സെന്‍സില്‍ കാണാന്‍ ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് കഴിയും എന്ന് എനിക്ക് തോന്നുന്നു. ഏത് ലോക്കല്‍ ടീമിലായാലും ഒരു ഇന്ത്യന്‍ കളിക്കാരന്‍ വിദേശ കളിക്കാരനെ സിക്സറടിച്ചാല്‍ അതിനാവും കയ്യടി. നേരെ തിരിച്ച് സംഭവിക്കാന്‍ സാധ്യത വളരെ കുറവാണ്.

പണത്തിന്റെ ധാരാളിത്തം മൂലം താങ്കള്‍ ചൂണ്ടിക്കാട്ടിയ ആശങ്കകള്‍ എനിയ്ക്കുമുണ്ട്. ബിസിസിഐ യുടെ നടത്തിപ്പും ഭരണഘടനയും മാറ്റിപ്പണിയണം എന്നാണ് എന്റെ അഭിപ്രായം.

G.MANU said...

രാജ് താക്കറെയേക്കാള്‍ നല്ലത് ക്രിക്കറ്റ് ബോള്‍ ആണെന്നു തോന്നിയിട്ടുണ്ട്.. ക്രിക്കറ്റിലെ ദേശീയത കാണൂമ്പോള്‍

Meenakshi said...

താങ്കള്‍ സൂചിപ്പിക്കുന്നതുപോലെ ദേശീയതക്ക്‌ എന്തെങ്കിലും പ്രശ്നം ഇത്തരം പുതിയ പ്രവണതകള്‍ വഴി ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. എങ്കിലും ക്രിക്കറ്റിലേക്കുള്ള പണത്തിണ്റ്റെ ഒഴുക്കിന്‌ കടിഞ്ഞാണിട്ടില്ലെങ്കില്‍ മറ്റ്‌ സ്പോര്‍ട്ട്സുകള്‍ക്ക്‌ ഇന്ത്യയില്‍ മരണം സംഭവിക്കുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു

chithrakaran ചിത്രകാരന്‍ said...

ക്രിക്കറ്റ് സമൂഹത്തെ നശിപ്പിക്കുന്നതും നാടിനെ ബലഹീനമാക്കുന്നതുമായ ഒരു കളിയാണ്. മീഡിയയുടെ മാര്‍ക്കറ്റിങ്ങ് തന്ത്രങ്ങളില്‍ വീണ് അപ്രധാനമായ ഒരു കളിയെ ദൈവീകമായ ഒരു സ്ഥാനത്തു നിര്‍ത്തി ബഹുമാനിക്കുന്നത് സമൂഹത്തിന്റെ മൊത്തം മൂല്യച്ച്യുതിയെ വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കും. ആരാധകരുടെ ഒരു സമൂഹം എന്നത് അടിമകളുടെ ആത്മബോധമുള്ള ഒരു സമൂഹമാണ്. സ്ഥിരം ചൂഷിതരുടെ ഒരു സമൂഹം..!! റിയാലിറ്റി ഷോകളുടെ അതേ പ്രവര്‍ത്തനമണ് ടി.വി.യിലെ ക്രിക്കറ്റും സമൂഹത്തില്‍ ചെലുത്തുന്നത്.

ഉണ്ണിക്കുട്ടന്‍ said...

ഇതിനിത്ര ടെന്‍ഷന്‍ അടിക്കനൊന്നും ഇല്ല സഹോദരാ.. ഇതു ലോകത്തു ആദ്യത്തെ സംഭവം ഒന്നുമല്ല.. യൂറോപ്യന്‍ ലീഗ് എന്നൊന്നും കേട്ടിട്ടില്ലേ... ചുമ്മാ കണെന്നേ..

[ഈ വേഡ് വെരി ഒക്കെ ഇപ്പോ ഔട്ട് ഓഫ് ഫാഷനാട്ടോ..]

Unknown said...

ചിത്രകാരന്റെ ബ്ലോഗില്‍ നിന്നാണ് ഇവിടെ വന്നത് . അവിടെ ഞാന്‍ എഴുതിയ കമന്റ് ഇവിടെ കോപ്പി-പെയിസ്റ്റ് ചെയ്യുന്നു . ഈ ബ്ലോഗിന്റെ ഉടമക്ക് അരോചകമായി തോന്നുകയാണെങ്കില്‍ ഈ കമന്റ് ഉടനെ ഡിലീറ്റ് ചെയ്യേണ്ടതാണ്.

“ചിത്രകാരന്‍ സൂചിപ്പിച്ച ബ്ലോഗ് വായിക്കാനിരിക്കുന്നതേയുള്ളൂ . ആദ്യം ശ്രദ്ധയില്‍ പെട്ടത് ഈ പോസ്റ്റാണ് . അത് കൊണ്ട് രണ്ട് വാക്ക് ഇവിടെയെഴുതിയിട്ട് അപ്പുറത്തേക്ക് പോകാം . ഈ ക്രിക്കറ്റ് എന്ന കളി എനിക്ക് അത്ര മനസ്സിലായിട്ടില്ല . എന്നാല്‍ ആളുകള്‍ ഇങ്ങനെ ടി.വി.യുടെ മുന്നില്‍ ചടഞ്ഞിരുന്ന് ആവേശപൂര്‍വ്വം കാണുന്നതിനെ ഒരു മാസ്സ് ഹിസ്റ്റീരിയ ആയാണ് ഞാന്‍ കണക്കിലെടുക്കാറുള്ളത് . കണ്ണൂരിലൊക്കെ പോകുമ്പോള്‍ എലക്ട്രോണിക്സ് കടകള്‍ക്ക് മുന്‍പില്‍ ആളുകള്‍ ക്രിക്കറ്റ് കാണാന്‍ കൂട്ടം കൂടി നില്‍ക്കുന്നത് കാണുമ്പോള്‍ എനിക്ക് സഹതാപം തോന്നാറുണ്ട് , അമൂല്യവും തിരിച്ചു കിട്ടാത്തതുമായ ജീവിതത്തിന്റെ അനര്‍ഘമായ നിമിഷങ്ങള്‍ ഇങ്ങനെ വ്യര്‍ത്ഥമായി പാഴാക്കിക്കളയുന്നല്ലോ എന്നോര്‍ത്തിട്ട് . ചിലര്‍, ക്രിക്കറ്റ് കളി കണ്ടില്ലെങ്കില്‍ അതൊരു മോശമല്ലേ ആളുകള്‍ എന്ത് വിചാരിക്കും എന്ന് കരുതിയാണ് ഇങ്ങനെ കൂട്ടത്തില്‍ അണിചേരുന്നത് എന്നും എനിക്ക് തോന്നിയിട്ടുണ്ട് . എന്ത് ആസ്വാദനമാണ് ഈ കളികാണലില്‍ നടക്കുന്നത് . ഏതെങ്കിലും ഒരു ചേരിയുടെ ഭാഗത്ത് നിലയുറപ്പിച്ച് ആ ചേരിയുടെ വിജയം കാണാനുള്ള ഒരു ആസുര തൃഷ്ണയല്ലെ ഇവിടെ ശമനം തേടുന്നത് ? പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ മത്സരം നടക്കുമ്പോള്‍ അതൊരു യുദ്ധം എന്ന നിലയിലല്ലേ ഇവിടെ ആളുകള്‍ കണക്കാക്കുന്നത് . ഇന്ത്യ ജയിക്കുമ്പോള്‍ പടക്കങ്ങള്‍ പൊട്ടിച്ച് ആര്‍മ്മാദിക്കുന്നതില്‍ എന്ത് സ്പോര്‍ട്ട്സ് സ്പിരിറ്റ് ആണുള്ളത് . വൃത്തികെട്ടതും പ്രാകൃതവുമായ സമൂഹമനസ്സിന്റെ ഉറഞ്ഞു തുള്ളലല്ലേ അത് ? ക്രിക്കറ്റ് പ്രചാരത്തില്‍ വന്നതില്‍ പിന്നെയല്ലേ നമ്മുടെ കുട്ടികളുടെ ക്രിയാത്മകവും സര്‍ഗ്ഗാത്മകവുമായ എല്ലാ കഴിവുകളും വാസനകളും വന്ധ്യംകരിക്കപ്പെട്ടത് . എന്തെല്ലം കളികള്‍ നാട്ടിന്‍‌പുറങ്ങളില്‍ ഉണ്ടായിരുന്നു . മുതിര്‍ന്ന ആള്‍ക്കാര്‍ വരെ ക്രിക്കറ്റിന്റെ സ്കോര്‍ ആകാംക്ഷയൊടെ അന്വേഷിക്കുന്നത് കാണുമ്പോള്‍ എനിക്ക് ചിരി വരാറുണ്ട് . ഇവനൊന്നും ശരീരം ഇത്രയും വണ്ണിച്ചിട്ടും മനസ്സ് മാത്രം അല്പം പോലും വളര്‍ന്നില്ലല്ലോ എന്ന് ഖേദം തോന്നാറുണ്ട് . എന്തെല്ലാം കലകളും രചനകളും കായിക വിനോദങ്ങള്‍ തന്നെയും ആസ്വദിക്കാനും ഭാഗഭാക്കാകാനുമുണ്ട് . അതെല്ലാം വിട്ട് ഈ വിഡ്ഡിപ്പെട്ടിയുടെ മുന്‍പില്‍ കൂനിക്കൂടിയിരുന്നു ഇങ്ങനെ അലസമായി സമയം കളയുന്നതിന് ഞാന്‍ ഒരു കാരണമേ കാണുന്നുള്ളൂ . ആര്‍ക്കും ഒന്നിലും ഒരഭിപ്രായമോ കാഴ്ചപ്പാടോ ഒന്നുമില്ല . എവിടെയാണോ ആള്‍ക്കുട്ടം അവിടെപ്പോയി ഒട്ടിനില്‍ക്കണം . എന്തൊക്കെയാണോ മറ്റുള്ളവര്‍ ചെയ്യുന്നത് അത് അനുകരിക്കണം . അത്രയേയുള്ളൂ . തങ്ങളുടെ മക്കള്‍ എങ്ങനെ വളരണം , അവരുടെ വ്യക്തിത്വവികസനം എങ്ങനെ നടക്കണം , അവരുടെ അഭിരുചികള്‍ എങ്ങനെ സൃഷ്ടിപരമായി പോഷിപ്പിക്കണം എന്നൊന്നും ഒരു ചിന്തയുമില്ല . തടി വണ്ണം വെക്കണം എന്നേയുള്ളൂ . ആരോഗ്യകരമായ ഒരു മനസ്സും, വ്യക്തിത്വവും മക്കള്‍ക്ക് വേണമെന്നോ അവരില്‍ അന്തര്‍ലീനമായ കഴിവുകളുണ്ടെങ്കില്‍ അത് കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിണമെന്നോ ഒന്നുമില്ല . കുട്ടികള്‍ പിച്ച നടക്കാന്‍ പഠിച്ചാല്‍ പിന്നെ പഠിക്കുന്നത് ഒരു മട്ടല്‍‌ക്കഷണവും പന്തും കയ്യില്‍ പിടിച്ച് ക്രിക്കറ്റ് കളിക്കാനാണ് . മനസ്സിന് ഗ്രഹണി ബാധിച്ച ഒരു സമൂഹമാണ് ഈ ക്രിക്കറ്റ് കളിയുടെ പ്രചാരത്തിലുടെ വളര്‍ന്ന് വരുന്നത് എന്ന യാഥാര്‍ത്ഥ്യം ആരെന്ത് വിചാരിച്ചാലും പറയാതിരിക്കാന്‍ കഴിയില്ല .

തറവാടി said...

" ഈ ക്രിക്കറ്റ് എന്ന കളി എനിക്ക് അത്ര മനസ്സിലായിട്ടില്ല "

ശ്രീ സുകുമാരേട്ടാ ,

അറിയാത്ത ഒന്നിനെ ഇത്ര ശക്തമായി , പുച്ഛിച്ച് , അധിക്ഷേപിക്കേണ്ടതുണ്ടോ?

മനസ്സിലാക്കി വിശകലനം ചെയ്ത് വിമര്‍‌ശിക്കുന്നതല്ലെ ഉചിതം? :)

എന്തുകൊണ്ടെന്നറിയില്ല ,

എനിക്കൊരിക്കലും ക്രിക്കറ്റിനെ ഇഷ്ടപ്പെടാന്‍ പറ്റിയിട്ടില്ല എന്നാല്‍ അധിക്ഷേപിക്കാനും തോന്നിയിട്ടില്ല മറിച്ച് ക്രിക്കറ്റിന് ഇത്രക്ക് പ്രചാരം കിട്ടിയിരുന്നില്ലെങ്കില്‍ മറ്റു പലതും മുന്നോട്ട് വന്നിരുന്നില്ലേ എന്നുതോന്നിയിട്ടുണ്ട്.

nedfrine | നെഡ്ഫ്രിന്‍ said...

ഉണ്ണികുട്ടാ,

യൂറോപിയന്‍ ലീഗിനോടൊന്നും ക്രിക്കറ്റ് ലീഗിനെ താരതമ്യപ്പെടുത്താതെ.. :-)
പിന്നെ വേഡ് വെരി എടുത്തു കളയാന്‍ പഠിച്ചു വരുന്നതെ ഉള്ളു.. :)

കണ്ണൂസ്‌ said...

ക്രിക്കറ്റ് ഒരു കളി മാത്രമല്ലേ. അതിനെ എന്തിനാണ്‌ ദേശീയതയുമായി ബന്ധിപ്പിക്കുന്നത്?

പണ്ടൊരിക്കല്‍ ഗാവസ്കറോട് ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചിരുന്നു, ഔട്ട് ആയി എന്നുറപ്പുണ്ടെങ്കില്‍ അം‌പയര്‍ ഔട്ട് കൊടുത്തില്ലെങ്കിലും ഇറങ്ങിപ്പോവുമോ? ഗാവസ്കര്‍ പറഞ്ഞു - കളി രണ്ടു ടീമുകള്‍ക്കെതിരാണെങ്കില്‍ അങ്ങിനെ ചെയ്യില്ല. ഇന്ത്യക്ക് വേണ്ടി പാകിസ്ഥാനെതിരെ കളിക്കുമ്പോഴും നിര്‍ലോണ്‍‌സിനു വേണ്ടി മഫത്‌ലാലിനെതിരെ കളിക്കുമ്പോഴും എന്ന്. പ്രാദേശിക ക്രിക്കറ്റിന്‌ വീറും വാശിയും ഉണ്ടാവും എന്ന് കാണിക്കാന്‍ വേണ്ടിയാണ്‌ ഈ ഉദാഹരണം പറഞ്ഞത്.

ഐ.പി.എല്ലില്‍ ഞാന്‍ പിന്തുണക്കുന്ന ടീമിലാണ്‌ ഗില്‍ക്രിസ്റ്റ് എങ്കില്‍, എതിര്‍ ടീമിലാണ്‌ സഹീര്‍ എങ്കില്‍, ഗില്‍ക്രിസ്റ്റ് സിക്സര്‍ അടിച്ചാല്‍ ഞാന്‍ തീര്‍ച്ചയായും കയ്യടിക്കും. അതില്‍ എന്തു തെറ്റ്? അതില്‍ എന്ത് ദേശീയത?

ക്രിക്കറ്റിന്‌ പ്രാധാന്യം കിട്ടിയില്ലായിരുന്നെങ്കില്‍ മറ്റ് കളികള്‍ മെച്ചപ്പെടുമായിരുന്നു എന്ന് തോന്നിയിട്ടില്ല. നാല്പ്പത് കൊല്ലം ക്രിക്കറ്റിലും ഈ പൈസയും കവറേജും ഒന്നും ഇല്ലായിരുന്നല്ലോ. പ്രൊഫഷണല്‍ മാനേജ്‌മെന്റ് തന്നെയാണ്‌ ക്രിക്കറ്റ് ഇന്ത്യയില്‍ ഉയര്‍ന്നു വരാന്‍ കാരണം. അതേ രീതിയില്‍ ചെയ്താല്‍ ഹോക്കിയും ഫുട്‌ബാളും ഒക്കെ ഇനിയും പ്രതീക്ഷ അര്‍പ്പിക്കാവുന്ന കളികള്‍ തന്നെ.

ബി.സി.സി.ഐ യുടെ രാഷ്ട്രീയത്തേയും, വ്യവസായവത്‌കരണത്തേയും പറ്റി ഒന്നും പറയുന്നില്ല. പ്രാധാന്യം കളിക്കായിരുന്നിടത്തോളം കാലം അത് വേദിയുടെ പുറകിലേ വരുന്നുള്ളൂ.