നല്ല മടലു കണ്ടാല്‍ വെട്ടി ബാറ്റ് ആക്കുന്നതിനെ പറ്റിയും, നല്ല കപ്പതണ്ടു കണ്ടാല്‍ വെട്ടി സ്റ്റംപാക്കുന്നതിനെ പറ്റിയും ചിന്തിച്ചു നടന്നിരുന്ന കാലം. ശനിയാഴ്‌ച്ചകളിലും മറ്റു സ്കൂള്‍ അവധി ദിവസങ്ങളിലും അച്ഛനും അമ്മയും ജോലിക്കു പോയി കഴിഞ്ഞാല്‍ പിന്നെ അര്‍മ്മാദമാണു.. ഒരു മാതിരി അധികാരം കയ്യില്‍ കിട്ടിയ പ്രതിപക്ഷത്തെ പോലെ!.. രാവിലെ ഇറങ്ങും ബാറ്റും ബോളുമെടുത്ത്..പിന്നെ എങ്ങനെ നാട്ടുകാരുടെ കയ്യില്‍ നിന്നും തെറി വാങ്ങാം എന്ന വിഷയത്തില്‍ ഗവേഷണം ആണു. ഗവേഷണത്തിന്‍റെ ഫലമറിയുന്നതു വൈകിട്ടാണു.. ഒരു 6 മണി കഴിയുമ്ബോള്‍ അച്ഛനും അമ്മയും ജോലി കഴിഞ്ഞു തിരിച്ചെത്തും.. ഉടന്‍ തന്നെ ഗവേഷണത്തിന്‍റെ ഫലം അറിയിക്കാന്‍ നാട്ടുകരോരൊരുത്തരായി വന്നു തുടങ്ങും.
അങ്ങനെ സമ്ഭവബഹുലമായ ഒരു ദിവസം കഴിഞു. അച്ഛനും അമ്മയും വന്നു.മോനെ മരിയാദക്കു വളര്ത്തണം, അവന്‍ ഞങ്ങളുടെ കപ്പ ഒടിച്ചു.. മാങ്ങാ പറിച്ചു, ജനല്‍ അടിച്ചു തകര്‍ത്തു തുടങ്ങിയ സ്ഥിരം പരാതികളല്ലാതെ വേറെ ഒന്നും കാണരുതെ എന്നു പ്രാര്‍ഥിച്ചു കൊണ്ടു ഞാന്‍ അവിടെ നില്‍ക്കുന്നു. സ്ഥിരം പരാതിക്കാരായ അയലത്തെ കൊച്ചേട്ടനും, ഇപ്പുറത്തെ വീട്ടിലെ ആന്‍റിയും എല്ലാരുമുണ്ട്. പെട്ടന്നു കയ്യിലെടുത്തു അടിക്കാന്‍ പറ്റിയ സാധനങ്ങളായ ബാറ്റ്,സ്റ്റംപ്,ചൂല്‍,കംബി പാര, തുടങ്ങിയവ ഞാന്‍ നേരത്തെ ആ പരിസരത്തു നിന്നും എടുത്തു മാറ്റിയതിനാല്‍ ഇന്നു വലിയ കുഴപ്പമുണ്ടാകന്‍ ചാന്‍സില്ല എന്നു ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു. പോരാത്തതിനു ഇന്നു പ്രത്യേകിച്ചു കുഴപ്പമൊന്നും കാണിച്ചിട്ടുമില്ല.. കൊച്ചേട്ടന്‍റെ മൂന്നു നാലു കപ്പ തൈ ചവിട്ടി ഒടിച്ചു, അപ്പുറത്തെ വീട്ടിലെ മാവേല്‍ കല്ലെറിഞ്ഞു.. ആ കല്ലു ചെന്നു ഓടിന്‍റെ മേല്‍ വീണു ഒന്നു രണ്ടെണ്ണം പൊട്ടി. പിന്നെ അല്ലറ ചില്ലറ പ്രശ്നങ്ങള്‍(തെറി വിളി, അടിപിടി, തുടങ്ങിയവ).. അല്ലാതെ വേറെ ഒന്നും ഇന്നു ചെയ്തില്ലല്ലൊ.. പിന്നെ എന്തിനാ ഇവരെല്ലാരുംകൂടെ കെട്ടിയെടുത്തേക്കുന്നെ.. ഞാന്‍ ഇതൊക്കെ ആലോചിച്ചു അധികം വിഷമിക്കേണ്ടി വന്നില്ല.. പരുപാടി ആരംഭിക്കുകയായി...
ലാദനെ കണ്ട ബുഷിനെ പൊലെ കൊച്ചേട്ടന്‍ എന്‍റെ നേരെ വന്നു.. ഇവനുണ്ടല്ലൊ ഇവനുണ്ടല്ലൊ.. ഇവന്‍മാരെല്ലരുംകൂടെ ആ പാക്കരന്‍റെ കാലൊടിച്ചു.. പതിവുപോലെ ഒരു നോട്ടം അച്ഛന്‍റെ ഭാഗത്തു നിന്നും എന്‍റെ നേരെ വരുന്നതു ഞാന്‍ കണ്ടു. ഏയ് ഞാന്‍ പേടിച്ചൊന്നുമില്ല.. ഇപ്പൊ വിചാരണ നടക്കുന്ന പ്രശ്നത്തില്‍ സത്യമായും എനിക്കു പങ്കില്ല... കേറി പോടാ അകത്തു എന്നു അച്ഛന്‍ പറയുന്നതിനു മുന്പേ ഞാന്‍ അകത്തേക്കു വലിഞ്ഞു.. പരാതിക്കാരെ ഒക്കെ ഒരുവിധം പറഞ്ഞു വിട്ട ശേഷം അച്ഛന്‍ അകത്തേക്കു വന്നു. ഇനി ഉള്ളതു ശിക്ഷ നടപ്പാക്കലാണു. അപ്രെയ്സല്‍ ലെറ്റര്‍ വാങ്ങാന്‍ പ്രൊജക്റ്റ് മാനേജരുടെ മുന്നില്‍ നില്‍ക്കുന്ന ഒരു സോഫ്റ്റ്വെയര്‍ എഞ്ജിനിയറുടെ മുഖത്തുണ്ടാകുന്ന തരത്തിലുള്ള ഒരു ദയനീയ ഭാവമൊക്കെ മുഖത്തു വരുത്തി ഞാന്‍ റെഡിയായി. പക്ഷെ ഇന്നത്തെ വിഷയം കാലു തല്ലി ഒടിക്കലാണ്. അടി ഉറപ്പുള്ള കേസാണ്.ഞാന്‍ സത്യം പറയാന്‍ തീരുമാനിച്ചു..
ടെന്നീസ് ബോളില്‍ നിന്നും കോര്‍ക്ക് ബോളിലേക്കു ഞങ്ങളുടെ 'ലെവല്‍' ഉയരുകയും ഞങ്ങളുടെ പതിവു പ്രാക്റ്റീസു കൊര്‍ക്കു ബോളിലേക്കു മാറുകയും ചെയ്തു. ഞങ്ങള്‍ റോഡിന്‍റെ സൈഡില്‍ കളിച്ചു കൊണ്ടിരിക്കുന്നു. റോഡിലൂടെ പാക്കരന്‍ നടന്നു വരുന്നു. പാക്കരന്‍ അവിടുത്തെ ഒരു സാധാ വായിനോക്കി എന്നു പറയാം. പ്രത്യേകിച്ചു ജോലി ഒന്നുമില്ലാത്ത ഒരു ചെറുപ്പക്കാരന്‍. അത്യാവശ്യം പാടും, പിന്നെ ജാഡ കളിച്ചു നടക്കും. അങ്ങനെ പാട്ടും പാടി വരുന്ന വഴിക്കാണു ഞങ്ങളുടെ പുതിയ കോര്‍ക്ക് ബോള്‍ തന്‍റെ നേരെ ഉരുണ്ടു വരുന്നതു അയാള്‍ കാണുന്നതു. എടുത്തു തരെണമെന്നു ഞങ്ങള്‍ ആവശ്യപ്പെട്ടില്ലെങ്കിലും പുള്ളി തയറായി.. അതു ഞങ്ങളോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല.. കള്ളിമുണ്ടൊന്നു മുറുക്കി ഉടുത്ത്, ചപ്പലു രണ്ടും ഊരി മാറ്റി, ഒരു കാലു പിന്നോട്ടു വെച്ച് മൂപ്പരു റെഡിയായി.. റബര്‍ പന്താണെന്നു കരുതി തൊഴിക്കനുള്ള പരുപാടിയാണു! പതുക്കെ ആണെങ്കിലും കാലിന്‍റെ കിണ്ണക്കിട്ടു കൊണ്ടാല്‍ നല്ല അരപ്പാണെന്നു അല്പ നേരം മുന്നെ മനസ്സിലായ റോബിന്‍ വിളിച്ചു പറഞ്ഞു.. "തൊഴിക്കരുത്, തൊഴിക്കരുത്..... "ആരു കേള്‍ക്കാന്‍? നോകിയാ N70 കയ്യിലുള്ളവന്‍ 3310 ഉള്ളവനെ നോക്കുന്നതു പോലെ ഒരു പുച്ഛ ഭാവമൊക്കെ മുഖത്തു വരുത്തി "ഒന്നു പോടാ" എന്നു പറഞ്ഞ് ഒറ്റ തൊഴി! "എന്‍റമ്മോ" എന്നൊരു വിളി കേട്ടു.. ഞങ്ങള്‍ നോക്കിയപ്പോള്‍ കാല്‍പാദം കയ്യില്‍ പിടിച്ചു ഉണ്ടായിരുന്ന N70 വെള്ളത്തില്‍ വീണ മുഖ ഭാവവുമായി നില്‍ക്കുന്ന പാക്കരനെ ആണു. ഞങ്ങള്‍ മൂന്നു പേരും അങ്ങോട്ടേക്കോടി.. 24 രൂപ കൊടുത്തു മേടിച്ച പന്തു കളയാന്‍ പറ്റില്ലല്ലൊ! പിന്നെ ഇന്‍ഹരിഹര്‍ നഗറില്‍ ജഗദീഷൊക്കെ "തോമസുകുട്ടി വിട്ടോടാ" എന്നു പറഞ്ഞു അപ്രത്യക്ഷമാകുന്നമാതിരി ഞങ്ങളും സ്കൂട്ടായി.. ഈ സംഭവം കേട്ടപ്പൊള്‍ അച്ഛന്‍ ആദ്യം ഒന്നു ചിരിച്ചെങ്കിലും, ഓടു പൊട്ടിച്ച വകയിലും , തൈ ഒടിച്ച വകയിലും ഒരു കൊട്ട നിറയെ ഞാന്‍ അന്നു വാങ്ങി കൂട്ടി - എന്നത്തെയും പോലെ!